
കൊച്ചി: ശമ്പളം കിട്ടാതായതോടെ സംസ്ഥാന സ്പോർട്സ് കൗൺസിലിനു കീഴിലെ വിവിധ പരിശീലകർ കളം വിടുന്നു. ഫുട്ബാൾ കോച്ചുമാരായ നാലുപേർ പരിശീലക സ്ഥാനത്തുനിന്ന് ഒഴിഞ്ഞിരുന്നു. ദേശീയ മത്സരങ്ങളിൽ കേരള ടീമിനെ ഒന്നാമതെത്തിച്ച കോച്ചുമാരുൾപ്പെടെയാണ് കൗൺസിലിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞു സ്വകാര്യ അക്കാദമികളിലേക്കും മറ്റും ജോലി തേടി പോയത്.
കഴിഞ്ഞ രണ്ടു മാസത്തെ ശമ്പളം കിട്ടാനുണ്ടെന്ന് സ്പോർട്സ് കൗൺസിൽ വിട്ട പരിശീലകർ ചൂണ്ടിക്കാട്ടി. സ്ഥിരം പരിശീലകർക്കും കരാറുകാർക്കും ഒരുപോലെ പ്രതിസന്ധിയുണ്ട്. എറണാകുളത്തെ വനിത ഫുട്ബാൾ അക്കാദമി, ബോയ്സ് ഫുട്ബാൾ അക്കാദമി എന്നിവിടങ്ങളിലെ കോച്ചുമാരുൾപ്പെടെ ഇതിൽ പെടുന്നു. സ്ഥിരം കോച്ചായ ഒരാളും കൗൺസിലിൽ നിന്ന് നീണ്ട അവധിയെടുത്ത് പോയിട്ടുണ്ട്. വോളിബാൾ കോച്ചായ ഒരാളും ജോലി വിട്ടു.
സ്ഥിരം ജീവനക്കാരുടെ ശമ്പളത്തേക്കാൾ വളരെ കുറവാണ് കരാറുകാരുടെ ശമ്പളം. മറ്റാനുകൂല്യങ്ങളില്ലാതിരുന്നിട്ടുപോലും വേതനം കൃത്യമായി നൽകാൻ കൗൺസിൽ തയാറാവുന്നില്ലെന്നാണ് പരാതി. 2011നു ശേഷം കൗൺസിലിൽ സ്ഥിരനിയമനം നടത്തിയിട്ടില്ലെന്നും കരാറുകാരെ വെച്ച് തള്ളിനീക്കുകയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ഒരു വർഷത്തോളമായി കൗൺസിലിൽ പ്രതിസന്ധി തുടങ്ങിയിട്ട്. നേരത്തെ ശമ്പളം മൂന്നും നാലും മാസം മുടങ്ങിയിട്ടുണ്ട്. ഫണ്ടിന്റെ അപര്യാപ്തതയാണ് ശമ്പള പ്രതിസന്ധിക്കു കാരണമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നത്.