കാസർഗോഡ് : കോൺഗ്രസ് നേതാവ് ശശി തരൂർ ബിജെപിയുമായി അടുക്കുന്നതായി തനിക്ക് അഭിപ്രായമില്ലെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരൻ വ്യക്തമാക്കി. അതേസമയം, കോൺഗ്രസിൻ്റെ കുടുംബാധിപത്യത്തെക്കുറിച്ചുള്ള തരൂരിൻ്റെ പ്രതികരണത്തോട് യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിവുള്ളവർക്ക് കോൺഗ്രസിൽ സ്ഥാനമില്ലെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. കാസർഗോഡ് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.(No opinion about Shashi Tharoor is getting closer to BJP, says V Muraleedharan)
വിവിധ രാഷ്ട്രീയ വിഷയങ്ങളിൽ മുരളീധരൻ ശക്തമായി പ്രതികരിച്ചു. കോൺഗ്രസ് തിരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് പാഠം പഠിക്കുന്നില്ല. ജനവിധിയെ അധിക്ഷേപിക്കുന്ന കോൺഗ്രസ് നിലപാട് ശരിയല്ല. എൻഡിഎയ്ക്ക് വോട്ട് ചെയ്തവർ നിലവാരം ഇല്ലാത്തവരെന്ന പരാമർശങ്ങൾ കോൺഗ്രസ് പിൻവലിക്കുകയും ജനാധിപത്യത്തെ അവഹേളിക്കുന്ന സമീപനത്തിൽ നിന്ന് പിന്മാറുകയും വേണം.
നവീൻ ബാബു - പാലത്തായി കേസ് അന്വേഷണങ്ങൾ അട്ടിമറിക്കപ്പെട്ടു. കേസ് അന്വേഷിച്ച എസിപി സിപിഎം സ്ഥാനാർത്ഥിയായി. ചെയ്ത സഹായത്തിൻ്റെ പ്രതിഫലമാണോ ഇതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല സ്വർണക്കൊള്ളയിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണ്. കൂടുതൽ ഉന്നതരിലേക്ക് അന്വേഷണം എത്തണം. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാറിൻ്റെ അറസ്റ്റ് വൈകിപ്പിക്കരുതെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു.