
തിരുവനന്തപുരം: അഭിഭാഷക ജെ.വി. ശ്യാമിലിയെ മര്‍ദിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് പ്രതി ബെയ്ലിന്‍ ദാസ്. ജൂനിയര്‍ അഭിഭാഷകയെ താന്‍ മര്‍ദിച്ചിട്ടില്ലെന്നും ചെയ്യാത്ത കുറ്റം ഏല്‍ക്കില്ലെന്നും സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പറഞ്ഞു.
ചെയ്യാത്ത കുറ്റം ഞാന്‍ എന്തിനാണ് ഏല്‍ക്കുന്നത്? ഒന്നും പറയാന്‍ എനിക്ക് അനുവാദമില്ല. കേസ് കോടതിയുടെ പരിഗണനയിലാണ്. എല്ലാം കണ്ടുകൊണ്ട് മുകളില്‍ ഒരാള്‍ ഇരിപ്പുണ്ട്. അദ്ദേഹത്തിന് എല്ലാം അറിയാം. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും പുറത്തുകൊണ്ടുവരും. ആരേയും വെറുതെവിടില്ല.
പാവപ്പെട്ടവരെ വേട്ടയാടുന്ന ഈ നാട്ടിലെ രാഷ്ട്രീയം എല്ലാവരും അവസാനിപ്പിക്കണം. മാധ്യമങ്ങള്‍ ഇത്തരം ചെറിയ കാര്യങ്ങളുടെ പിന്നാലെ നടക്കാതെ മറ്റ് വലിയ കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ബെയ്‌ലിന്‍ പറഞ്ഞു.
അതെ സമയം ,കര്‍ശന ഉപാധികളോടെയാണ് തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതി ബെയ്‌ലിന് ജാമ്യം അനുവദിച്ചത്. കുറ്റപത്രം സമർപ്പിക്കുന്നത് വരെയോ അല്ലെങ്കിൽ രണ്ടു മാസത്തേക്കോ വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ല. ഇരയെയോ സാക്ഷികളെയോ ബന്ധപ്പെടാൻ പാടില്ലെന്നും കോടതി ഉപാധി നിർദേശിച്ചു.മൂന്ന് ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ബെയ്‌ലിൻ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.