പാലക്കാട്: വർക്കലയിൽ ട്രെയിനിൽ യുവതിക്ക് നേരെയുണ്ടായ അതിക്രമം, ഗോവിന്ദച്ചാമി കൊലപ്പെടുത്തിയ സൗമ്യ നേരിട്ടതുപോലുള്ള ക്രൂരമായ കൃത്യമാണെന്ന് സൗമ്യയുടെ അമ്മ പ്രതികരിച്ചു. ട്രെയിനുകളിലെ സുരക്ഷയില്ലായ്മ തുറന്നുകാട്ടിയാണ് അവർ വികാരഭരിതയായി സംസാരിച്ചത്.(No one should go through this again, Soumya's mother gets emotional)
"സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഇപ്പോഴും ട്രെയിനിൽ സുരക്ഷയില്ല. ലേഡീസ് കമ്പാർട്ട്‌മെൻ്റിലും ജനറൽ കമ്പാർട്ട്‌മെൻ്റിലും സുരക്ഷയില്ല. സൗമ്യ കൊല്ലപ്പെട്ടപ്പോൾ കുറച്ച് ദിവസത്തേക്ക് ഒരു പ്രഹസനമെന്ന രീതിയിൽ കമ്പാർട്ട്‌മെൻ്റുകളിൽ പരിശോധനകൾ നടന്നു," അവർ പറഞ്ഞു.
സൗമ്യക്ക് സംഭവിച്ചത് മറ്റാർക്കും ഉണ്ടാകരുതെന്ന് അവർ ആവശ്യപ്പെട്ടു. "ആരും ട്രെയിനുകളിൽ സുരക്ഷ ഒരുക്കുന്നില്ല. ഇനിയെങ്കിലും അധികാരികൾ ഉണർന്ന് പ്രവർത്തിക്കണം, ഇനി ആർക്കും ഈ ഗതി ഉണ്ടാകരുത്," അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിൽ യാത്ര ചെയ്ത യുവതിയെ വർക്കല അയന്തി മേൽപ്പാലത്തിന് സമീപം വെച്ച് ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് തള്ളിയിട്ടത്.ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ സുരേഷ് കുമാർ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യലഹരിയിലായിരുന്ന പ്രതി, ട്രെയിനിൻ്റെ വാതിൽക്കൽ നിന്ന് പെൺകുട്ടി മാറാതിരുന്നതിലുള്ള ദേഷ്യത്തിൽ പിന്നിൽ നിന്ന് ചവിട്ടിയിട്ടതാണെന്ന് മൊഴി നൽകിയിട്ടുണ്ട്.