'ആരും ഞങ്ങളെയോർത്ത് കരയേണ്ട, കേരള കോൺഗ്രസ് എവിടെയുണ്ടോ അവിടെ ഭരണം ഉണ്ടാകും': മുന്നണി മാറ്റ വാർത്തകൾ തള്ളി ജോസ് കെ മാണി | Kerala Congress M

പലയിടങ്ങളിൽ നിന്നും ക്ഷണമുണ്ടെന്ന് അദ്ദേഹം പറഞ്ഞു
'ആരും ഞങ്ങളെയോർത്ത് കരയേണ്ട, കേരള കോൺഗ്രസ് എവിടെയുണ്ടോ അവിടെ ഭരണം ഉണ്ടാകും': മുന്നണി മാറ്റ വാർത്തകൾ തള്ളി ജോസ് കെ മാണി | Kerala Congress M
Updated on

കോട്ടയം: കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് ചേക്കേറുന്നു എന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകൾ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി. പാർട്ടി ഇടതുമുന്നണിയിൽ (LDF) ഉറച്ചുനിൽക്കുമെന്നും നിലവിലെ ചർച്ചകൾ അനാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.(No need to cry for us, Jose K Mani denies news of Kerala Congress M leaving LDF )

കേരള കോൺഗ്രസ് എം എൽഡിഎഫിൽ തന്നെ തുടരും. ആരാണ് ഇത്തരമൊരു ചർച്ച നടത്തുന്നതെന്ന് അറിയില്ല. "ഞങ്ങളെയോർത്ത് ആരും കരയേണ്ട" എന്നായിരുന്നു അഭ്യൂഹങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

പലയിടങ്ങളിൽ നിന്നും മുന്നണിയിലേക്ക് ക്ഷണം വരുന്നുണ്ടെന്ന കാര്യം അദ്ദേഹം സമ്മതിച്ചു. എന്നാൽ എല്ലാ ദിവസവും തന്റെ നിലപാട് വിശദീകരിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ അദ്ദേഹം നിഷേധിച്ചു. കേരള കോൺഗ്രസ് എവിടെ നിൽക്കുന്നുവോ അവിടെയായിരിക്കും ഭരണം ഉണ്ടാകുകയെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

നേരത്തെ യുഡിഎഫ് നേതാക്കളും മുസ്ലിം ലീഗ് നേതൃത്വവും ജോസ് കെ. മാണിയുമായി ചർച്ച നടത്തിയെന്ന് വാർത്തകൾ വന്നിരുന്നു. ഇതിനുപിന്നാലെയാണ് താൻ ഇടതുപക്ഷത്ത് തന്നെ ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കി ജോസ് കെ. മാണി രംഗത്തെത്തിയത്.

കേരള കോൺഗ്രസ് (എം) ഇടതുമുന്നണി വിടുമെന്ന വാർത്തകളോട് രൂക്ഷമായ ഭാഷയിലാണ് പാർട്ടി ചെയർമാൻ ജോസ് കെ. മാണി പ്രതികരിച്ചത്. "ജെറൂസലേമിലെ സഹോദരന്മാരെ, എന്നെ ഓർത്ത് കരയേണ്ട, നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓർത്ത് വിലപിക്കൂ" എന്ന യേശുക്രിസ്തുവിന്റെ വചനം ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം വാർത്താസമ്മേളനം ആരംഭിച്ചത്.

തിരുവനന്തപുരത്തെ സമരത്തിൽ പങ്കെടുക്കാത്തത് മനഃപൂർവ്വമല്ല. രോഗിയെ സന്ദർശിക്കാനായി ദുബായിൽ പോകേണ്ടി വന്നതിനാലാണ്. ഇക്കാര്യം മുഖ്യമന്ത്രിയെയും മറ്റ് നേതാക്കളെയും മുൻകൂട്ടി അറിയിച്ചിരുന്നു. അഞ്ച് എം.എൽ.എമാരും സമരത്തിൽ പങ്കെടുത്തിരുന്നു. മന്ത്രി റോഷി അഗസ്റ്റിനുമായി യാതൊരു അഭിപ്രായവ്യത്യാസവുമില്ല. റോഷി പറയുന്ന കാര്യങ്ങൾ തന്നോട് ആലോചിച്ച ശേഷം തന്നെയാണ്. അഞ്ച് എം.എൽ.എമാരും പാർട്ടിയുടെ തീരുമാനത്തിനൊപ്പമാണ്.

ഇടതുമുന്നണിയുടെ ജാഥാ ക്യാപ്റ്റൻ താൻ തന്നെയായിരിക്കും. പാർലമെന്റ്, ബജറ്റ് സമ്മേളനങ്ങൾ ഉള്ളതിനാൽ ചില ദിവസങ്ങളിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന് മാത്രം. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ മാറ്റങ്ങൾ വരുത്തിയത് രാഷ്ട്രീയ നിലപാടിൽ കൂടുതൽ വ്യക്തത വരുത്താനാണ്. 'ഇടതുമുന്നണിക്കൊപ്പം' എന്നത് അടിവരയിടാനാണ് ആ മാറ്റം വരുത്തിയത്.

എല്ലാ ഭാഗത്തുനിന്നും ക്ഷണമുണ്ട്. പാർട്ടിക്ക് വലിയ പ്രസക്തിയുള്ളതിനാലാണ് ഈ വിളികളെല്ലാം വരുന്നത്. ചർച്ചകളും വ്യത്യസ്ത അഭിപ്രായങ്ങളും ജനാധിപത്യപരമായി പാർട്ടിയിൽ നടക്കാറുണ്ട്. എന്നാൽ അന്തിമ തീരുമാനം ഇടതുപക്ഷത്ത് ഉറച്ചുനിൽക്കുക എന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com