മലപ്പുറം: മുസ്ലിം ലീഗ് ഏകപക്ഷീയമായി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ പ്രതിപക്ഷ പാർട്ടികളെക്കൂടി ഉൾപ്പെടുത്തി ആറ് മാസത്തിലൊരിക്കൽ 'വികസന സഭ' സംഘടിപ്പിക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മലപ്പുറം ജില്ലാ കമ്മിറ്റി കുറ്റിപ്പുറത്ത് ഒരുക്കിയ ജനപ്രതിനിധികളുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(No need for arrogance, Sadiq Ali Shihab Thangal to the Muslim League governing bodies)
പ്രതിപക്ഷമില്ലാത്ത തദ്ദേശ സ്ഥാപനങ്ങളിൽ ജനാധിപത്യപരമായ വിടവ് നികത്താൻ പ്രതിപക്ഷ പാർട്ടികളെക്കൂടി വിളിച്ച് വികസന സഭകൾ ചേരണം. തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പ്രവർത്തനങ്ങൾ ആറ് മാസത്തിലൊരിക്കൽ 'പെർഫോമൻസ് ഓഡിറ്റിന്' വിധേയമാക്കും.
"നിങ്ങൾ ജയിച്ചതല്ല, ജനങ്ങൾ ജയിപ്പിച്ചതാണ്. ഭരണസൗകര്യത്തിന് വേണ്ടി ജനങ്ങൾ നൽകിയ അവസരമാണിത്. അഹങ്കാരം തോന്നുന്നവർ ഈ പണിക്ക് പറ്റിയവരല്ല," എന്ന് അദ്ദേഹം കർശനമായി താക്കീത് നൽകി. പ്രതിപക്ഷം എന്നത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. അവർ ഇല്ലാത്ത ഇടങ്ങളിൽ ജനങ്ങളുടെ ശബ്ദം കേൾക്കാൻ പ്രത്യേക സംവിധാനം പാർട്ടി തന്നെ ഒരുക്കും.
പഞ്ചായത്ത്, ബ്ലോക്ക് പ്രസിഡന്റ് സ്ഥാനങ്ങൾക്കായി പാർട്ടിയിൽ ചരടുവലികൾ അനുവദിക്കില്ല. അർഹതയുടെ അടിസ്ഥാനത്തിൽ സർപ്രൈസ് തീരുമാനങ്ങൾ പ്രതീക്ഷിക്കാമെന്നും നേതൃത്വം വ്യക്തമാക്കി.