

കോട്ടയം: എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായ യു.ഡി.എഫ് വിട്ടുനിൽക്കും. പട്ടികവർഗ സംവരണമുള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ യു.ഡി.എഫിന് അംഗങ്ങളില്ലാത്ത സാഹചര്യത്തിലാണ് ഈ നീക്കം. യു.ഡി.എഫ് വിട്ടുനിൽക്കുന്നതോടെ ക്വാറം തികയാതെ വരികയും തിരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടി വരികയും ചെയ്യും.(No member from Scheduled caste, UDF will abstain from Erumeli)
ആകെ 23 അംഗങ്ങളുള്ള എരുമേലി പഞ്ചായത്തിൽ യു.ഡി.എഫിന് 14 അംഗങ്ങളാണുള്ളത്. എന്നാൽ ഇത്തവണ പ്രസിഡന്റ് പദവി പട്ടികവർഗ (ST) വിഭാഗത്തിന് സംവരണം ചെയ്തിരിക്കുകയാണ്. യു.ഡി.എഫിന്റെ 14 അംഗങ്ങളിൽ ഈ വിഭാഗത്തിൽ പെട്ടവരില്ല. അതേസമയം എൽ.ഡി.എഫിനും ബി.ജെ.പിക്കും ഓരോ പട്ടികവർഗ പ്രതിനിധികളുണ്ട്. യു.ഡി.എഫ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നാൽ ബാക്കിയുള്ള 9 അംഗങ്ങളെ വച്ച് ക്വാറം തികയ്ക്കാൻ സാധിക്കില്ല.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെങ്കിലും ഉച്ചകഴിഞ്ഞ് നടക്കുന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മത്സരിക്കും. ഭൂരിപക്ഷമുള്ളതിനാൽ വൈസ് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന് തന്നെ ലഭിക്കും. ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളപ്പോൾ തന്നെ സാങ്കേതികമായ കാരണങ്ങളാൽ അധ്യക്ഷനില്ലാത്ത അവസ്ഥ പഞ്ചായത്തിൽ നിലനിൽക്കുകയാണ്.