കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ പാർട്ടിക്കെതിരെ പരസ്യ നിലപാടെടുത്ത വി. കുഞ്ഞികൃഷ്ണനെതിരെ സിപിഎം നേതൃത്വം. കുഞ്ഞികൃഷ്ണന്റെ നടപടി പാർട്ടിയെ തകർക്കാനാണെന്നും തെറ്റുകൾ തിരുത്താൻ പാർട്ടിക്കുള്ളിൽ തന്നെ മാർഗങ്ങളുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി. "എലിയെ പിടിക്കാൻ ഇല്ലം ചുടുന്നതിന് തുല്യമാണ് കുഞ്ഞികൃഷ്ണന്റെ സമീപനം" എന്ന് എം.വി. ജയരാജനും കെ.കെ. രാഗേഷും മാധ്യമങ്ങളോട് പ്രതികരിച്ചു.(No fund fraud has taken place, MV Jayarajan on martyrs fund fraud controversy)
ഫണ്ട് തട്ടിപ്പ് നടന്നു എന്ന ആരോപണം തെറ്റാണ്. വരവുചെലവ് കണക്കുകൾ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയ എം. മധുസൂദനനെതിരെ പാർട്ടി നേരത്തെ നടപടിയെടുത്തിട്ടുണ്ട്. വീഴ്ച വരുത്തിയവരെ തരംതാഴ്ത്തി ശിക്ഷിച്ചതാണ് എന്നാണ് എം വി ജയരാജൻ പറഞ്ഞത്.
താനൊഴിച്ച് മറ്റെല്ലാവരും കള്ളന്മാരാണെന്ന നിലപാടാണ് കുഞ്ഞികൃഷ്ണന്റേത്. പാർട്ടി കമ്മിറ്റി ചർച്ച ചെയ്ത് എടുത്ത തീരുമാനത്തിനൊപ്പം നിൽക്കുക എന്നതാണ് കമ്മ്യൂണിസ്റ്റ് രീതി. മൺമറഞ്ഞുപോയ നേതാവ് കോടിയേരി ബാലകൃഷ്ണനെ വാർത്തകളിലേക്ക് വലിച്ചിഴച്ച് മോശമായി ചിത്രീകരിച്ചത് ശരിയായ നടപടിയല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിക്ക് അതിന്റേതായ രീതികളുണ്ടെന്നും തെറ്റുകൾ പാർട്ടിക്കുള്ളിൽ വച്ചുതന്നെ തിരുത്തണമെന്നും കെ.കെ. രാഗേഷ് പറഞ്ഞു. കമ്മീഷൻ നിഗമനങ്ങൾ പാർട്ടി കമ്മിറ്റിയിൽ ഉന്നയിക്കുകയായിരുന്നു വേണ്ടത്. എന്നാൽ അത് വാർത്തയായി പുറത്തുവന്നത് ഗൗരവകരമാണ്. തെറ്റായ ഒരു കാര്യവും പാർട്ടിക്കുള്ളിൽ വച്ചു പൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.