
തിരുവനന്തപുരം: കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (27/10/2024) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നറിയിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കർണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.(No fishing in Kerala )
ഇന്ന് കേരള തീരം, തെക്കൻ ലക്ഷദ്വീപ് പ്രദേശം, അതിനോട് ചേർന്ന തെക്ക് കിഴക്കൻ അറബിക്കടൽ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ ഈ പ്രദേശങ്ങളിൽ മൽസ്യബന്ധനത്തിന് പോകുന്നത് ഒഴിവാക്കണം.
മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണം. അപകടമേഖലയിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശത്തിനനുസരിച്ച് മാറിത്താമസിക്കണം.
മൽസ്യബന്ധന യാനങ്ങൾ കെട്ടിയിട്ട് സൂക്ഷിക്കുന്നതും, അവ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നതും കൂട്ടിയിടിച്ചുള്ള അപകടം ഒഴിവാക്കാൻ സഹായിക്കും. മോശം കാലാവസ്ഥ കണക്കിലെടുത്ത് കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾ പൂർണമായും ഒഴിവാക്കണം.