തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഉപകരണം കാണാനില്ലെന്ന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ ആരോപണം തള്ളി ഡോ.ഹാരിസ്. ഉപകരണങ്ങൾ എല്ലാ വർഷവും ഓഡിറ്റ് ചെയ്യുന്നതാണ്.ഉപകരണങ്ങൾ ഒന്നും കാണാതായിട്ടില്ല. 14 ലക്ഷം രൂപ വിലവരുന്നതാണ് ഓസിലോസ്കോപ്പ്. ആ ഉപകരണത്തിന്റെ എല്ലാ ഭാഗങ്ങളും ഉണ്ട്. ഉപകരണങ്ങൾ കേടാക്കിയിട്ടില്ലെന്നും ഡോ. ഹാരിസ് വെളിപ്പെടുത്തി.
ഉപകരണം നഷ്ടപ്പെട്ടതായി നേരത്തെ ആരോപണം ഉണ്ടായിരുന്നു. അത് കള്ളപരാതി ആണെന്ന് തെളിഞ്ഞിരുന്നു. വകുപ്പ് മേധാവി എന്ന നിലയിൽ തനിക്ക് അക്കാര്യത്തിൽ കൃത്യമായ ബോധ്യമുണ്ട്. ഉപകരണങ്ങൾ കേടായെന്ന് വിദഗ്ധസമിതി പറയാൻ ഇടയില്ല. മന്ത്രി പറഞ്ഞ കാര്യത്തിൽ അന്വേഷണം നടന്നോട്ടെയെന്നും ഹാരിസ് കൂട്ടിച്ചേർത്തു.
ഡോക്ടർ ഹാരിസ് മേധാവിയായിരുന്ന യൂറോളജി ഡിപ്പാർട്ട്മെന്റിന് കീഴിലെ ശസ്ത്രക്രിയ ഉപകരണങ്ങൾ കാണാതായെന്ന വിദഗ്ധ സമിതി റിപ്പോർട്ട് ആയുധമാക്കിയാണ് ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് രംഗത്തെത്തിയത്. ഡോക്ടർക്കെതിരെ നടപടിയുണ്ടാകില്ലെന്നും ജനകീയ ഡോക്ടറാണെന്നുമുള്ള മുൻനിലപാടിൽ നിന്നാണ് മന്ത്രിയുടെ മലക്കം മറിച്ചിൽ.