തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ ഭരണസമിതിയുടെ കാര്യത്തിൽ തീരുമാനമായില്ലെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്നാണ് മന്ത്രിയുടെ പ്രതികരണം.(No decision has been taken on the new governing body of the Travancore Devaswom Board, says VN Vasavan)
സി.പി.ഐ.(എം.) സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ബോർഡ് പുനഃസംഘടന സംബന്ധിച്ച് ചർച്ചയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, കുവൈത്ത് പര്യടനത്തിലുള്ള മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്താൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. നിലവിലെ ബോർഡിന്റെ കാലാവധി നീട്ടി നൽകേണ്ടെന്നാണ് സി.പി.ഐ.(എം.) ധാരണ.
മുൻ എം.പി. എ. സമ്പത്ത് ഉൾപ്പെടെയുള്ള നേതാക്കളെയാണ് ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനത്തേക്ക് സി.പി.ഐ.(എം.) പരിഗണിക്കുന്നത്. ബോർഡിലേക്കുള്ള സി.പി.ഐ. പ്രതിനിധിയായി തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗം വിളപ്പിൽ രാധാകൃഷ്ണനെ തീരുമാനിച്ചിരുന്നു.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ എസ്.ഐ.ടി. (സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം) അന്വേഷണം നിർണായക ഘട്ടത്തിലാണ്. കേസിൽ പ്രതികളായ ദേവസ്വം ഉദ്യോഗസ്ഥരുടെ അറസ്റ്റ് വേഗത്തിലാക്കാനാണ് എസ്.ഐ.ടി.യുടെ തീരുമാനം. മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിന്റെയും സെക്രട്ടറി ജയശ്രീയുടെയും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് സൂചനയുണ്ട്.
ഒടുവിൽ അറസ്റ്റിലായ മുൻ തിരുവാഭരണ കമ്മീഷണർ കെ.എസ്. ബൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഉദ്യോഗസ്ഥ ഗൂഢാലോചനയിൽ കെ.എസ്. ബൈജുവിന് മുഖ്യ പങ്കുണ്ടെന്ന് എസ്.ഐ.ടി. വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വം ബോർഡ് പുനഃസംഘടന ചർച്ചകൾക്കിടെ സ്വർണക്കൊള്ള കേസിൽ മുൻ ഉദ്യോഗസ്ഥരിലേക്കുള്ള അന്വേഷണം ശക്തമായത് സർക്കാരിന് വലിയ തലവേദന സൃഷ്ടിച്ചിട്ടുണ്ട്.