തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഇലക്ട്രിക് ബസ് സർവീസുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാടിൽ മാറ്റമില്ലെന്ന് മേയർ വി.വി. രാജേഷ്. കെഎസ്ആർടിസിയുമായി നിലവിലുള്ള കരാർ പൂർണ്ണമായി പാലിക്കണമെന്നും കോർപ്പറേഷന് അർഹമായ ലാഭവിഹിതം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. (No change in stance, Mayor VV Rajesh on E-bus controversy)
ത്രികക്ഷി കരാർ പ്രകാരം ബസ് സർവീസിലെ ലാഭവിഹിതം നഗരസഭയ്ക്ക് നൽകാൻ കെഎസ്ആർടിസി തയ്യാറാകണം. കരാറില്ലെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാടെങ്കിൽ അത് അവർ വ്യക്തമാക്കട്ടെ. അതിന് ശേഷം തുടർനടപടികൾ ആലോചിക്കും. വിഷയം വരാനിരിക്കുന്ന കൗൺസിൽ യോഗം ചർച്ച ചെയ്യും. ഇതിന് പിന്നാലെ തർക്കത്തിൽ ശാശ്വത പരിഹാരം തേടി മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും രേഖാമൂലം കത്ത് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബസ് സർവീസ് നടത്തുക എന്നത് നഗരസഭയുടെ പ്രാഥമികമായ ജോലിയല്ല. എന്നാൽ ജനസൗകര്യത്തിനായി നടപ്പിലാക്കിയ പദ്ധതിയിൽ കരാർ വ്യവസ്ഥകൾ പാലിക്കപ്പെടണം. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കോർപ്പറേഷൻ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ബസുകളുടെ വരുമാന വിഹിതത്തെച്ചൊല്ലിയാണ് കെഎസ്ആർടിസിയും കോർപ്പറേഷനും തമ്മിൽ തർക്കം നിലനിൽക്കുന്നത്.