തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിക്ക് മൂല്യാധിഷ്ഠിത രാഷ്ട്രീയവും വ്യക്തമായ നിലപാടും വേണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ആവശ്യപ്പെട്ടു. തന്നെപ്പോലുള്ളവരെ പാർലമെന്റ് അംഗങ്ങളാക്കിയ സാധാരണ പ്രവർത്തകർക്ക് ലഭിക്കുന്ന ഒരു പ്രധാന അവസരമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ്. അവരുടെ 'കഞ്ഞിയിൽ മണ്ണ് വാരിയിടാൻ' ഒരു നേതാവും തയ്യാറാകാൻ പാടില്ല എന്ന് അദ്ദേഹം പറഞ്ഞു.(No change in stance due to fear of cyber attack, says Rajmohan Unnithan)
പാർട്ടിക്ക് ഒരു നിലപാടും മൂല്യാധിഷ്ഠിത രാഷ്ട്രീയവും വേണം. അതിൽനിന്ന് വ്യതിചലിക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈബർ ആക്രമണങ്ങളെക്കുറിച്ച് താൻ ബോധവാനാണ്. എന്നാൽ, സൈബർ ആക്രമണം ഭയന്ന് നിലപാടിൽ മാറ്റം വരുത്താൻ തയ്യാറല്ല. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷം താൻ മാധ്യമങ്ങളെ കാണുന്നുണ്ട്. അപ്പോൾ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
താൻ നേരിട്ട ആൾക്കൂട്ട വിചാരണകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. "സി.പി.എമ്മുകാരാണ് തന്നെ മഞ്ചേരിയിൽ വളഞ്ഞിട്ട് ആക്രമിച്ചത്. താൻ സകല വിചാരണയും നേരിട്ടു. താൻ കുറ്റമൊന്നും ചെയ്തിട്ടില്ല എന്ന് തനിക്കറിയാം. ഒരു പെൺകുട്ടിയും തനിക്കെതിരെ പരാതി നൽകിയിട്ടില്ല. അവിഹിതമായ മാർഗ്ഗത്തിൽ ഗർഭം ഉണ്ടാക്കിയെന്ന പരാതി ഇല്ല." താൻ ആൾക്കൂട്ട വിചാരണയെ സധൈര്യം നേരിട്ടു. അന്നും ഇന്നും കുടുംബം തനിക്കൊപ്പം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.