

കോഴിക്കോട്: താമരശ്ശേരിയിലെ 'ഫ്രഷ് കട്ട്' മാംസ സംസ്കരണ കേന്ദ്രത്തിനെതിരായ മുസ്ലിം ലീഗ് പ്രതിഷേധ സംഗമത്തിൽ കടുത്ത പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത്. ജനങ്ങളെ ദുരിതത്തിലാക്കി മാലിന്യ സംസ്കരണം നടത്താൻ കഴിയില്ലെന്നും, ശുദ്ധവായു നശിപ്പിക്കുന്നതിലും വലുതല്ല ഒരു ബിസിനസ്സും എന്നും അദ്ദേഹം വ്യക്തമാക്കി.(No business is bigger than destroying clean air, PK Kunhalikutty on Fresh Cut controversy)
"ബലം പ്രയോഗിച്ച് ഒന്നും നടത്താൻ ആകില്ല. ജനങ്ങളെ ദുരിതത്തിൽ ആക്കിയിട്ടല്ല മാലിന്യ സംസ്കരണം നടത്തേണ്ടത്," കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളുടെ പ്രതികരണം സ്വാഭാവികമാണ്. ജനങ്ങളെ അടിച്ചമർത്തി ഫ്രഷ് കട്ട് തുറക്കാം എന്ന് ആരും കരുതേണ്ട. ഫാക്ടറി തുറന്നാൽ വീണ്ടും സമരം ഉണ്ടാകും. കോഴിക്കോട് ജില്ലയിൽ മാത്രമാണ് ഇത്തരം പ്രശ്നങ്ങളുള്ളത്. കോഴിക്കോട്ട് മാലിന്യ സംസ്കരണം കുത്തക ആക്കിയതാണ് പ്രശ്നത്തിന് കാരണം. കൂടുതൽ മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ തുറക്കണം, അദ്ദേഹം ആവശ്യപ്പെട്ടു.
"പോലീസ് അനാവശ്യ നടപടികൾ അവസാനിപ്പിക്കണം. താമരശ്ശേരി വെള്ളരിക്കാപ്പട്ടണം അല്ലെന്ന് പോലീസ് ഓർക്കണം. ദാരിദ്ര്യം ഇല്ല എന്ന് പറയുന്ന സ്ഥലത്ത് ശുദ്ധ വായുവിന് വേണ്ടിയാണ് സമരം എന്ന് ഓർക്കണം." സമരത്തിന് മുസ്ലിം ലീഗ് പൂർണ്ണ പിന്തുണ നൽകുമെന്നും കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു.
മാലിന്യ സംസ്കരണ വിഷയത്തിൽ ക്ഷമയോടെ അഞ്ച് വർഷം സമരം ചെയ്തിട്ടും പരിഹാരം കണ്ടില്ലല്ലോ എന്നും അദ്ദേഹം ചോദ്യമുയർത്തി. ജനങ്ങളെ സമാധാനപരമായി ജീവിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.