തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലത്തെക്കുറിച്ച് സി.പി.എം., സി.പി.ഐ. പാർട്ടികളുടെ നേതൃയോഗങ്ങൾ തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. ഭരണവിരുദ്ധ വികാരമല്ല തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചതെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രാഥമിക വിലയിരുത്തൽ.(No anti-government sentiment, CPM's assessment of the setback in the local body elections)
സർക്കാരിനോടുള്ള എതിർപ്പല്ല, മറിച്ച് മറ്റു ഘടകങ്ങളാണ് ഫലത്തെ സ്വാധീനിച്ചത്. എതിർപ്പുകളെ മറികടന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായി തിരിച്ചു വരാനാകുമെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തുന്നത്. തിരുവനന്തപുരം, കൊല്ലം കോർപ്പറേഷനുകളിലും ചില ജില്ലാ പഞ്ചായത്തുകളിലും സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്ന് സി.പി.എമ്മിൽ അഭിപ്രായമുയർന്നിട്ടുണ്ട്.
പാർട്ടി നേതൃത്വത്തിലെ ചില നേതാക്കൾക്കിടയിൽ വിയോജിപ്പുകളോ മറ്റ് അഭിപ്രായങ്ങളോ ഉണ്ട്. ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണക്കൊള്ളയും ഉൾപ്പെടെ തിരിച്ചടിക്ക് കാരണമായിട്ടുണ്ട് എന്ന വികാരം നേതാക്കൾക്കിടയിൽ ശക്തമാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ സാമുദായിക സമവാക്യങ്ങൾ പാലിച്ചില്ലെന്ന വിമർശനം സി.പി.ഐ.യ്ക്കുള്ളിലും ഉയർന്നിട്ടുണ്ട്.
ജില്ലകൾ തിരിച്ചുള്ള വിശദമായ കണക്കുകളാണ് സി.പി.എം., സി.പി.ഐ. നേതൃയോഗങ്ങൾ വിലയിരുത്തുന്നത്. പത്ത് മണിയോടെ ആരംഭിച്ച സി.പി.എം., സി.പി.ഐ. സെക്രട്ടേറിയേറ്റ് യോഗങ്ങൾ ഇപ്പോഴും തുടരുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടെ, തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ വോട്ടുകളും ജില്ലാ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്കുകളും ഇടതുമുന്നണിക്ക് (എൽ.ഡി.എഫ്.) അനുകൂലമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. രാഷ്ട്രീയമായി ജനം വോട്ട് ചെയ്ത കണക്കുകൾ പരിശോധിക്കുമ്പോൾ 68 നിയമസഭാ മണ്ഡലങ്ങളിൽ എൽ.ഡി.എഫിനാണ് ലീഡ് ലഭിച്ചത് എന്ന് പാർട്ടി വിലയിരുത്തി.
സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് എതിരഭിപ്രായം ഉണ്ടായിട്ടില്ലെന്നും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഭരണവിരുദ്ധ വികാരം ഫലത്തെ സ്വാധീനിച്ചിട്ടില്ല എന്ന മുൻ നിലപാട് പാർട്ടി ആവർത്തിച്ചു. ജില്ലാ പഞ്ചായത്ത് അടിസ്ഥാനത്തിലെ വോട്ട് കണക്കും ഇടതുമുന്നണിക്ക് അനുകൂലമാണ്. എതിർപ്പുകളെ മറികടന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായി തിരിച്ചെത്താനാകുമെന്ന ആത്മവിശ്വാസം ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ സി.പി.എം. നേതൃത്വം പ്രകടിപ്പിച്ചു.