
വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാക്കേസിൽ പ്രതികളായ ഐ സി ബാലകൃഷ്‌ണൻ എംഎൽഎയ്‌ക്കും ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനും കർശന ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. കൽപ്പറ്റ ജില്ലാ പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യഹർജിയിൽ വിധി പ്രസ്താവിച്ചത്. പ്രതികളെ സമയബന്ധിത കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യംചെയ്യാമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
ഡിഡിസി ട്രഷററെയും മകനെയും ആത്മഹത്യയിലേക്ക് നയിച്ച കേസിൽ എംഎൽഎ ഒന്നാം പ്രതിയും ഡിസിസി പ്രസിഡന്റ് രണ്ടാം പ്രതിയുമാണ്. മൂന്നാം പ്രതിയായ മുൻകോൺഗ്രസ് നേതാവ് കെ കെ ഗോപിനാഥനും ഉപാധികളോടെ മുൻകൂർ ജാമ്യം കിട്ടി. മുൻകൂർ ജാമ്യം അനുവദിച്ചെങ്കിലും കസ്റ്റഡിയ്ക്ക് തുല്യമായി പ്രതികളെ ചോദ്യംചെയ്യും.