കല്‍പ്പറ്റ: വയനാട് മുൻ ഡിസിസി ട്രഷറര്‍ എൻഎം വിജയന്‍റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ആരോപണങ്ങളിൽ മറുപടിയുമായി കല്‍പ്പറ്റ എംഎൽഎ ടി സിദ്ദീഖ്. എന്‍ എം വിജയന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ പരമാവധി ഇടപെട്ടിരുന്നു. ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും മകന്‍ ആശുപത്രിയിലായപ്പോള്‍ സന്ദര്‍ശിച്ചു, ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞത് സങ്കടപ്പെടുത്തിയെന്നും ടി സിദ്ധിഖ് പറഞ്ഞു.
എൻഎം വിജയന്‍റെ മകന്‍റെ ആരോഗ്യകാര്യത്തിൽ മൂന്ന് തവണ ഇടപെട്ടു.വിജയന്‍റെ മകന് ആശുപത്രി ബിൽ അടക്കാൻ കഴിയാതെ വന്നപ്പോള്‍ ആ ബിൽ ഏറ്റെടുത്തു.എൻഎം വിജയന്‍റെ കുടുംബവുമായി കരാര്‍ ഉണ്ടായിരുന്നു. ഇതുപ്രകാരം 20 ലക്ഷം നൽകിയിരുന്നു.പാർട്ടി ഒരാളെയും ചതിച്ചിട്ടില്ലെന്നും കുടുംബത്തോടുളള തുടർസമീപനം പാർട്ടി നേതൃത്വം പറയുമെന്നും സിദ്ധിഖ് പറഞ്ഞു.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കടം വീട്ടി. ബാങ്കിൽ ബാധ്യതയുള്ള വീടും സ്ഥലവും പാര്‍ട്ടി ഏറ്റെടുത്തു. കരാര്‍ വീക്കിൽ ഓഫീസിൽ നിന്ന് വാങ്ങിയത് പാര്‍ട്ടി നേതൃത്വത്തിന് നൽകാൻ വേണ്ടിയായിരുന്നു. കരാറിൽ നിന്ന് കോണ്‍ഗ്രസ് പിന്നോട്ടുപോയിട്ടില്ല. സമയം വൈകിയത് പണം സ്വരൂപിക്കാൻ വന്ന താമസം മൂലമാണ്.
അതേ സമയം, എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ഇന്ന് ജീവനൊടുക്കാൻ ശ്രമം നടത്തിയിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ പുല്‍പ്പള്ളിയിലെ വീട്ടില്‍ വച്ചായിരുന്നു പത്മജ ജീവനൊടുക്കാൻ ശ്രമം നടത്തിയത്. 'കൊലയാളി കോണ്‍ഗ്രസ്സേ, നിനക്കിതാ ഒരു ഇര കൂടി' എന്ന കുറിപ്പെഴുതി വച്ചായിരുന്നു പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ചത്. പത്മജ നിലവിൽ ബത്തേരി വിനായക ആശുപത്രിയില്‍ ചികിത്സയിലാണ്.