
ന്യൂഡൽഹി: നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ വിപുലമായ പരിശോധനകൾക്കായി കേരളത്തിലേക്ക് കേന്ദ്ര സംഘത്തെ അയക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി റിപ്പോർട്ട്(Nipah). ദേശീയ സംയുക്ത പ്രതികരണ സംഘത്തെ (NJORT) കേരളത്തിലേക്ക് അയക്കുന്നതിനെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നതായാണ് വിവരം.
പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 400 ലധികം പേർ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാമിന്റെ ഭാഗമായുള്ള സെൻട്രൽ സർവൈലൻസ് യൂണിറ്റും എൻ.സി.ഡി.സിയും നിരന്തരം സംസ്ഥാനവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. വിവിധ നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന കൺട്രോൾ റൂം സജീവമാക്കിയിട്ടുണ്ട്.