മലപ്പുറം: മാസങ്ങൾ നീണ്ട തീവ്ര പരിചരണത്തിനൊടുവിൽ, നിപ വൈറസ് ബാധ അതിജീവിച്ച 42 വയസ്സുകാരിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. വളാഞ്ചേരി സ്വദേശിനിയായ ഈ സ്ത്രീ, നാലര മാസത്തെ വിദഗ്ധ ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.(Nipah survivor discharged from Manjeri Medical College)
പരമാവധി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനായി, തുടർ ന്യൂറോ റീഹാബിലിറ്റേഷൻ ചികിത്സയ്ക്കായി ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫിസിയോതെറാപ്പി വിഭാഗത്തിലേക്ക് മാറ്റി. ജൂലൈ മാസം നാലാം തീയതിയാണ് നിപ ബാധിതയെ ഇ.എം.എസ്. ആശുപത്രിയിൽ നിന്ന് ഗുരുതരാവസ്ഥയിൽ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നത്.
ആശുപത്രിയിൽ എത്തിക്കുമ്പോൾ രോഗി പൂർണ്ണമായും അബോധാവസ്ഥയിലായിരുന്നു. ഇടയ്ക്കിടെ അപസ്മാരം ഉണ്ടാവുകയും രക്തസമ്മർദ്ദം കുറയുകയും ചെയ്തിരുന്നു. രോഗിക്ക് ആവശ്യമായ ഐസൊലേഷൻ റൂം, ഒരു ലക്ഷത്തോളം രൂപ വിലവരുന്ന ആൽഫാ ബെഡ് ഉൾപ്പെടെയുള്ള എല്ലാ ആധുനിക സൗകര്യങ്ങളും ആശുപത്രിയിൽ ഒരുക്കി.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് മെഡിക്കൽ കോളേജിലെത്തി രോഗിയെ നേരിൽ കാണുകയും വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു. ഡോക്ടർമാർ, സ്റ്റാഫ് നഴ്‌സുമാർ, മറ്റ് ജീവനക്കാർ എന്നിവരുടെ നിരന്തരമായ പരിചരണമാണ് രോഗിക്ക് പുതുജീവൻ നൽകിയത്.
ഏകദേശം 2 മാസത്തെ തീവ്ര പരിചരണത്തിന് ശേഷം രോഗി ബോധം വീണ്ടെടുത്തു. തുടർന്നുള്ള ആഴ്ചകളിൽ ആരോഗ്യനില മെച്ചപ്പെട്ടു. രോഗി ആളുകളെ തിരിച്ചറിയാനും കൈകാലുകൾ ചലിപ്പിക്കാനും തുടങ്ങി. കഴിഞ്ഞ രണ്ടാഴ്ചയായി രോഗി സംസാരിക്കാൻ ശ്രമിക്കുകയും സാധാരണ രീതിയിലുള്ള ഭക്ഷണം കഴിക്കാൻ തുടങ്ങുകയും ചെയ്തിട്ടുണ്ട്.
മെഡിക്കൽ ബോർഡ് യോഗം ചേർന്ന്, നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്ന ന്യൂറോ റീഹാബിലിറ്റേഷൻ ചികിത്സ നൽകിയാൽ രോഗിയുടെ പൂർണ്ണമായ വീണ്ടെടുക്കലിന് സഹായിക്കുമെന്ന് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർ ചികിത്സ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉറപ്പാക്കിയത്.
ദീർഘകാലം വിദഗ്ധ ചികിത്സ നൽകി രോഗിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിച്ച മെഡിക്കൽ കോളേജിലെ മുഴുവൻ ടീം അംഗങ്ങളെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് അഭിനന്ദിച്ചു.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. അനില്‍ രാജ്, സൂപ്രണ്ട് ഡോ. പ്രഭുദാസ് എന്നിവരുടെ ഏകോപനത്തിൽ രൂപീകരിച്ച മെഡിക്കൽ ബോർഡിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. മഞ്ചേരി മെഡിക്കൽ കോളേജിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണിത്.