തിരുവനന്തപുരം: നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം. ഇക്കാര്യം അറിയിച്ചത് മന്ത്രി വീണ ജോർജ് ആണ്. (Nipah outbreak in Kerala)
മലപ്പുറം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ നടത്തിയ പരിശോധനയിൽ നിപ കണ്ടെത്തിയതിനെ തുടർന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിളുകൾ അയച്ചിരുന്നു. സ്ഥിരീകരണം വരുന്നതിന് മുൻപായി തന്നെ പ്രോട്ടോക്കോൾ അനുസരിച്ച് പ്രതിരോധ നടപടികൾ ശക്തമാക്കാൻ നിർദേശിച്ചിട്ടുണ്ട്.
മൂന്ന് ജില്ലകളിലായി 26 കമ്മിറ്റികള്‍ വീതം രൂപീകരിച്ചു. സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിനായി പോലീസിൻ്റെ സഹായവും തേടും. ഇതിനായി സ്റ്റേറ്റ് ഹെല്‍പ്പ് ലൈനും, ജില്ലാ ഹൈല്‍പ്പ് ലൈനും ഉണ്ടാകും. 2 ജില്ലകളിൽ ജില്ലാ തലത്തിൽ കണ്ടെയ്‌ൻമെൻറ് സോണുകൾ പ്രഖ്യാപിക്കും. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ വൈകുന്നേരം വീണ്ടും ഉന്നതതല യോഗം ചേരും.
അതേസമയം, പാലക്കാട് 38കാരിക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആരാധനാലയങ്ങൾ അടച്ചിടാനും പള്ളികളിലെ വെള്ളിയാഴ്ച പ്രാർത്ഥന ഒഴിവാക്കാനും അറിയിച്ചിട്ടുണ്ട്. രോഗബാധ ഉള്ളത് തച്ചനാട്ടുകാര സ്വദേശിനിക്കാണ്.