
പാലക്കാട്: പാലക്കാട് സ്വകാര്യ ആശുപത്രിയിൽ മരിച്ച 57 വയസ്സുകാരന് നിപ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സമ്പർക്ക പട്ടിക തയ്യാറാക്കി ആരോഗ്യ വകുപ്പ്. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഉടൻ തന്നെ സമ്പർക്കത്തിലുള്ളവരെ കണ്ടെത്താനുള്ള കോണ്ടാക്ട് ട്രേസിംഗ് ആരംഭിച്ചു.
ഈ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിലുള്ള 46 പേരെ കണ്ടെത്തി. സിസിടിവി ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചു. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഫാമിലി ട്രീയും തയ്യാറാക്കി. പ്രദേശത്ത് ഫീൽഡ് തല പ്രവർത്തനങ്ങൾ ശക്തമാക്കിയതായും ആരോഗ്യ മന്ത്രി വീണ ജോർജ്ജ് അറിയിച്ചു.
ഫീവർ സർവൈലൻസും തുടരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ ഉൾപ്പെടെയെടുത്ത് കൂടുതൽ നിരീക്ഷണം നടത്തും. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സ്ഥിരീകരണം ലഭ്യമാകുന്ന മുറയ്ക്ക് കൂടുതൽ നടപടികൾ സ്വീകരിക്കും. ഒരു കേസ് കൂടി കണ്ടെത്തിയ സാഹചര്യത്തിൽ ടീമിനെ ശക്തിപ്പെടുത്താനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.