
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്നു ജില്ലകളിൽ ജാഗ്രതാ നിർദേശം. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയത്. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധയിൽ നിപ കണ്ടെത്തിയിരുന്നു. ഇന്നലെ പാലക്കാട് സ്വദേശിയായ യുവതിക്കും നിപ ബാധയുള്ളതായി കണ്ടെത്തി. ഇതിനെ തുടർന്ന് പാലക്കാട് നാട്ടുകൽ കിഴക്കുംപറം മേഖലയിലെ മൂന്നു കിലോമീറ്റർ പരിധി കണ്ടൈൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചിരുന്നു.
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള യുവതി ഗുരുതരാവസ്ഥയിലാണ്. രോഗ ബാധ സ്ഥിരീകരിച്ചവരുമായി സമ്പർക്കമുണ്ടായിട്ടുള്ളവരുടെ അടക്കം സാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.