
തിരുവനന്തപുരം: ഒരു ഇടവേളക്ക് ശേഷം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നിപ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. പാലക്കാടു സ്വദേശിനിയായ യുവതിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുന്നതായാണ് റിപ്പോർട്ട്. അതേസമയം , സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയിലുള്ള എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരാണെന്നും മന്ത്രി അറിയിച്ചു. പാലക്കാട്ടെ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സ്ഥിരീകരണം വരുന്നതിന് മുമ്പ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ നടപടികള്‍ ശക്തമാക്കിയിരുന്നു. രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.കഴിഞ്ഞ മാസം 25, 26 തീയതികളിലാണ് നിപ ബാധിച്ച രണ്ട് പേര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. ഈ പ്രദേശങ്ങളില്‍ നിന്ന് മൂന്ന് ആഴ്ച മുമ്പ് തൊട്ടുള്ള വിവരങ്ങള്‍ ശേഖരിക്കും. ഇവിടങ്ങളില്‍ നിശ്ചിത കാലയളവില്‍ മസ്തിഷ്‌ക ജ്വരമോ ന്യൂമോണിയയോ ബാധിച്ച് ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും നിർദേശമുണ്ട്.
സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമും, ജില്ലാ കണ്‍ട്രോള്‍ റൂമുകളും സ്ഥാപിച്ചിട്ടുണ്ട്. 26 കമ്മിറ്റികള്‍ വീതം മൂന്ന് ജില്ലകളില്‍ രൂപീകരിച്ചു. രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോലീസിന്റെ കൂടി സഹായത്തോടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരുന്നു. രണ്ട് ജില്ലകളില്‍ കണ്ടൈന്‍മെന്റ് സോണുകള്‍ കളക്ടര്‍മാര്‍ പ്രഖ്യാപിച്ചു. കണ്ടൈയ്ന്‍മെന്റ് സോണുകളില്‍ മാസ്‌ക് നിര്‍ബന്ധമാണ്- മന്ത്രി അറിയിച്ചു.