

കുന്നുകര: കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. കുന്നുകര കോളനിയിൽ തേയ്ക്കാനത്ത് വീട്ടിൽ ബൈജു ശിവന്റെ മകൻ ദേവസൂര്യ (14) ആണ് മരിച്ചത്. കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്കൂളിലെ വിദ്യാർഥിയും സ്റ്റുഡന്റ് പൊലീസ് കേഡറ്റുമാണ്. ബുധനാഴ്ച വൈകീട്ട് 4.45-ഓടെ കുന്നുകര വടക്കേ അടുവാശ്ശേരി ഊഴം കടവ് പാലത്തിന് സമീപത്തെ ഞങ്ങാട്ടി കടവിലായിരുന്നു അപകടം. സമീപവാസിയായ കൂട്ടുകാരനടക്കം അഞ്ചുപേർക്കൊപ്പമാണ് ദേവസൂര്യ കുളിക്കാനെത്തിയത്. നീന്തൽ വശമില്ലാതിരുന്ന ദേവസൂര്യ പുഴയിലിറങ്ങിയപ്പോൾ ആഴക്കയത്തിൽപ്പെടുകയായിരുന്നു. കൂട്ടുകാർ ബഹളം വെച്ചതിനെത്തുടർന്ന് ഓടിയെത്തിയ സമീപവാസികൾ ട്യൂബ് എറിഞ്ഞുനൽകിയെങ്കിലും അതിൽ പിടിക്കാൻ സാധിക്കുന്നതിന് മുൻപേ കുട്ടി മുങ്ങിത്താഴ്ന്നു.
ഏകദേശം അരമണിക്കൂറോളം പുഴയിൽ താഴ്ന്നുകിടന്ന ദേവസൂര്യയെ നാട്ടുകാർ ചേർന്ന് മുങ്ങിത്തപ്പിയാണ് കരയ്‌ക്കെടുത്തത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെങ്ങമനാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്കൂളിലെ മികച്ച വിദ്യാർഥികളിലൊരാളായ ദേവസൂര്യയുടെ അപ്രതീക്ഷിത വിയോഗം നാടിനെയും സഹപാഠികളെയും കണ്ണീരിലാഴ്ത്തി. അമ്പിളിയാണ് മാതാവ്. സഹോദരി: ദേവപ്രിയ. സംസ്കാരം വ്യാഴാഴ്ച ഉച്ചയോടെ കുന്നുകര പൊതുശ്മശാനത്തിൽ നടക്കും.