
തിരുവനന്തപുരം വെങ്ങാനൂരിലെ ഒൻപതാം ക്ലാസുകാരന്റെ മരണം തൂങ്ങി മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. വിദ്യാർത്ഥിയുടെ ശരീരത്തിൽ കണ്ടെത്തിയ പാടുകൾ കേന്ദ്രീകരിച്ചും കൂടുതൽ അന്വേഷണം നടത്തും. അലോക് നാഥിന്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം ബന്ധുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് പോസ്റ്റ്‌മോർട്ടം നടപടി നടത്തിയത്.
നരുവാമൂട് ചിന്മയ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് അലോക് നാഥ്. ശബരീനാനാഥ് – അനീഷ ദമ്പതികളുടെ മകൻ അലോകിനെ ഇന്ന് രാവിലെ ഏഴു മണിയോടെയാണ് വീട്ടിലെ രണ്ടാം നിലയിലെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിനു താഴെ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
മൃതദേഹത്തിന്റെ കഴുത്തിലും ശരീര ഭാഗങ്ങളിലും പാടുകളുണ്ടായിരുന്നു. ഇതോടെയാണ് ദുരൂഹത സംശയിച്ച് പൊലീസ് അന്വേഷണം തുടങ്ങിയത്. കുട്ടിയുടെ മാതാവാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് നേമം ശാന്തിവിള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.