
കോഴിക്കോട് : യമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയാതായി റിപ്പോർട്ട്. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്നും, ഇതുസംബന്ധിച്ച വിവരം ലഭിച്ചെന്നും കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ അറിയിച്ചു.മറ്റു കാര്യങ്ങൾ തുടർചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും ധാരണയായിട്ടുണ്ടെന്നും കാന്തപുരത്തിന്റെ ഓഫിസ് അറിയിച്ചു.
അതേസമയം, ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യെമൻ പണ്ഡിത സംഘത്തിനു പുറമെ നോർത്തേൺ യെമനിലെ ഭരണാധികാരികളും രാജ്യാന്തര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് വധശിക്ഷ ഒഴിവാക്കാൻ തീരുമാനമായതെന്നാണ് റിപ്പോർട്ട്. നേരത്തെ ജൂലൈ 16 ന് നിശ്ചയിച്ച വധശിക്ഷ കാന്തപുരം എ.പി .അബൂബക്കർ മുസലിയാരുടെ ഇടപെടലിനെ തുടർന്ന് താൽക്കാലികമായി നീട്ടിവച്ചിരുന്നു.