
യമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി സാധ്യമായ എല്ലാ സഹായവും കേന്ദ്രസർക്കാർ നൽകുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് രൺധീർ ജസ്‌വാൾ വ്യക്തമാക്കി. നിമിഷ പ്രിയയുടെ കുടുംബം എല്ലാ വഴിയും ഇതിന് വേണ്ടി തേടുന്നുണ്ടെന്നത് തങ്ങൾ മനസ്സിലാക്കുന്നു. യമനിൽ ശിക്ഷ വിധിച്ചതിനെ കുറിച്ച് അറിയാമെന്നും വധശിക്ഷയിലെ കേന്ദ്രസർക്കാറിന്റെ ഇടപെടൽ നിർണായകമായിരിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ചുവെന്നും ദയാഹർജി തള്ളിക്കളഞ്ഞു എന്നുമുള്ള വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഒരു മാസത്തിനുള്ളിൽ നടപ്പാക്കും എന്ന സൂചനയും പുറത്തുവന്നിരുന്നു. യമൻ പ്രസിഡന്റാണ് വധശിക്ഷയ്ക്ക് അനുമതി നൽകിയത്. എന്നാൽ ഇന്നലെ ശിക്ഷ ശരിവച്ചത് സാങ്കേതിക നടപടി മാത്രമാണെന്നാണ് റിപ്പോർട്ട്.