
സനാ : യെമെൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ യെമെനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഈമാസം 16-ന് നടപ്പാക്കും. യെമനിലെ ജയിലില്‍ വെച്ചാകും വധശിക്ഷ നടപ്പാക്കുക. ഇത് സംബന്ധിച്ച നോട്ടീസ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജയില്‍ അധികൃതര്‍ക്ക് കൈമാറി.
യെമെനി പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്ന കേസിലാണ് വധശിക്ഷ നേരിടുന്നത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയ നിലവില്‍ സനയിലെ ജയിലിലാണുള്ളത്.
എന്നാല്‍ യെമന്‍ പൗരന്റെ കുടുംബം ദയാധനം ആവശ്യപ്പെട്ടതായി വിവരമുണ്ട്. ദയാധനമായി കുടുംബം ഒരു മില്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടുവെന്നാണ് വിവരം. ഇത് എട്ട് കോടി ഇന്ത്യന്‍ രൂപയിലേറെ വരും. എന്നാല്‍ ഇപ്പോള്‍ വന്ന ഉത്തരവിനെ അന്തിമ വിധിയായി കാണേണ്ടതില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ജയില്‍ അധികൃതര്‍ക്ക് അയച്ച കത്താണിതെന്നും സാധ്യതകള്‍ അവശേഷിക്കുന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവേല്‍ ജെറോം.
സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷയെ വിചാരണയ്ക്കുശേഷം 2018-ലാണ് യെമന്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയ നിലവില്‍ സനയിലെ ജയിലിലാണുള്ളത്.