കോഴിക്കോട് : യെമൻ പൗരൻ്റെ കൊലപാതകത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയ്ക്ക് മാപ്പ് നൽകില്ലെന്ന് ഫേസ്ബുക്കിലൂടെയും ആവർത്തിച്ച് കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി. (Nimisha Priya's case)
പണം രക്തത്തിന് പകരമാകില്ലെന്നും, സമ്മർദ്ദത്തിന് തങ്ങളെ ഇളക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിൽ രഹസ്യമായ ശ്രമങ്ങളും വലിയ മധ്യസ്ഥ ശ്രമങ്ങളും നടന്നിട്ടുണ്ട് എന്നും, വധശിക്ഷ മാറ്റിവയ്ക്കപ്പെടുമെന്ന പ്രതീക്ഷിച്ചിരുന്നില്ല എന്നും പറഞ്ഞ അദ്ദേഹം, ശിക്ഷ നടപ്പാക്കൽ വരെ പിന്തുടരുമെന്നും കൂട്ടിച്ചേർത്തു.
ദൈവത്തിൻ്റെ സഹായത്തോടെ നീതി നടപ്പാക്കപ്പെടുമെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ എപ്പോൾ വേണമെങ്കിലും നടപ്പാക്കുമെന്ന കാര്യത്തിൽ ആശങ്കയുണ്ടെന്ന് ആക്ഷൻ കൗൺസിൽ അംഗങ്ങൾ അറിയിച്ചു.
എത്ര കാലത്തേക്കാണ് ശിക്ഷ നീട്ടിവച്ചത് എന്നറിയില്ല എന്നും, കാന്തപുരത്തിന്റെ ഇടപെടലാണ് അവസാനം ഗുണം ചെയ്തത് എന്നും ആക്ഷൻ കൗൺസിൽ അംഗം സജീവ് കുമാർ പറഞ്ഞു. വളരെ സൂക്ഷ്മതയോടെ വേണം മുന്നോട്ട് പോകാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.