

മലപ്പുറം: നിലമ്പൂർ വനമേഖലയിൽ പുഴ കേന്ദ്രീകരിച്ച് അനധികൃത സ്വർണ്ണഖനനം നടത്തിവന്ന ഏഴംഗ സംഘത്തെ വനംവകുപ്പ് ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്ന് പിടികൂടി. മമ്പാട് പുള്ളിപ്പാടം സ്വദേശികളായ റസാഖ്, ജാബിർ, അലവിക്കുട്ടി, അഷ്റഫ്, സക്കീർ, ഷമീം, സുന്ദരൻ എന്നിവരാണ് വനംവകുപ്പിന്റെ കസ്റ്റഡിയിലുള്ളത്.
നിലമ്പൂർ നോർത്ത് ഡി.എഫ്.ഒയ്ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ദിവസങ്ങളായി ഈ സംഘത്തെ നിരീക്ഷിച്ചു വരികയായിരുന്നു. നിലമ്പൂർ റേഞ്ച് പനയങ്കോട് സെക്ഷൻ പരിധിയിലെ ആയിരവല്ലിക്കാവ് മേഖലയിൽ വെച്ചാണ് പ്രതികൾ വലയിലായത്. ഉദ്യോഗസ്ഥർ എത്തുമ്പോൾ മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ച് പുഴയിൽ നിന്ന് മണൽ ഊറ്റി സ്വർണ്ണം അരിച്ചെടുക്കുന്ന ജോലിയിലായിരുന്നു സംഘം.
നിലമ്പൂർ വനമേഖലയിലെ മരുത മുതൽ മോടവണ്ണ വരെയുള്ള ചാലിയാർ പുഴയുടെ ഭാഗങ്ങളിൽ മണലിൽ സ്വർണ്ണത്തിന്റെ അംശമുണ്ടെന്നത് നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. ഈ സാധ്യത മുതലെടുത്താണ് പ്രതികൾ വനത്തിനുള്ളിൽ തമ്പടിച്ച് യന്ത്രസഹായത്തോടെ ഖനനം നടത്തിയത്.
നിലമ്പൂർ റേഞ്ച് ഓഫീസർ സൂരജ് വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. വനഭൂമി അതിക്രമിച്ചു കയറുകയും പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ ഖനനം നടത്തുകയും ചെയ്തതിന് ഇവർക്കെതിരെ കേസെടുക്കും. പ്രതികളുടെ അറസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.