

നിലമ്പൂർ: നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫീസിൽ പോലീസ് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത മദ്യം പിടികൂടി. ഓഫീസിന്റെ ഇടനാഴിയിൽ സൂക്ഷിച്ചിരുന്ന പഴയ ടയറുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ. രണ്ടേമുക്കാൽ ലിറ്റർ മദ്യമാണ് ഇവിടെ നിന്ന് കണ്ടെടുത്തത്.
സംസ്ഥാനത്തെ ബാറുകളിൽ പോലീസ് വിജിലൻസ് നടത്തിവരുന്ന വ്യാപക പരിശോധനയുടെ ഭാഗമായാണ് നിലമ്പൂരിലും പരിശോധന നടന്നത്. മലപ്പുറം പോലീസ് വിജിലൻസ് ഇൻസ്‌പെക്ടർമാരായ ജ്യോതീന്ദ്രകുമാർ, സന്ദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നിലമ്പൂരിലെ രണ്ട് ബാറുകളിൽ ആദ്യം പരിശോധന നടത്തിയെങ്കിലും നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് നിലമ്പൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എക്സൈസ് സർക്കിൾ ഓഫീസിലേക്ക് വിജിലൻസ് സംഘമെത്തിയത്.
ഇടനാഴിയിലെ ടയറുകൾക്കിടയിൽ നിന്ന് ഹണിബീയുടെ നാല് കുപ്പികളും ജവാൻ ട്രിപ്പിൾ എക്സ് റമ്മിന്റെ കുപ്പികളുമാണ് കണ്ടെടുത്തത്. ഔദ്യോഗികമായി പിടിച്ചെടുത്ത മദ്യത്തിന്റെ രേഖകളിലൊന്നും ഈ ശേഖരത്തെക്കുറിച്ച് വിവരമില്ലായിരുന്നു.
എക്സൈസ് ഓഫീസിൽ നിന്ന് തന്നെ അനധിക്യത മദ്യം പിടികൂടിയ സാഹചര്യം വിജിലൻസ് ഗൗരവമായാണ് കാണുന്നത്. പരിശോധനാ റിപ്പോർട്ട് ഉടൻ തന്നെ വിജിലൻസ് ഡയറക്ടർക്ക് കൈമാറും. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടികൾക്കും സാധ്യതയുണ്ട്.