

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കാഞ്ഞിരംകുളം തവ്വാവിളയിൽ ഒരു വയസുകാരൻ ഇഹാന്റെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ പിതാവ് ഷിജിൽ (ഷിജിൻ) കുറ്റം സമ്മതിച്ചു. കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ട് പ്രകോപിതനായ താൻ കൈമുട്ടുകൊണ്ട് കുഞ്ഞിന്റെ വയറ്റിൽ ഇടിച്ചുവെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി.
കഴിഞ്ഞ ജനുവരി 16-നാണ് ഷിജിൽ-കൃഷ്ണപ്രിയ ദമ്പതിമാരുടെ മകൻ ഇഹാൻ മരിച്ചത്. പിതാവ് നൽകിയ ബിസ്‌കറ്റ് തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ വയറ്റിൽ ആന്തരിക രക്തസ്രാവവും കടുത്ത ക്ഷതവും കണ്ടെത്തി. ഇതോടെ പോലീസിന് സംശയം തോന്നി മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.
കുഞ്ഞിന്റെ കരച്ചിൽ അസ്വസ്ഥതയുണ്ടാക്കിയപ്പോൾ ഷിജിൽ കൈമുട്ടുപയോഗിച്ച് കുഞ്ഞിന്റെ വയറ്റിൽ ശക്തമായി അമർത്തുകയും ഇടിക്കുകയും ചെയ്തു. ഇതേത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം. കുഞ്ഞിന്റെ കയ്യിൽ മൂന്നാഴ്ചയോളം പഴക്കമുള്ള ഒടിവ് കണ്ടെത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നായിരുന്നു മാതാപിതാക്കളുടെ മൊഴി. കുഞ്ഞ് നേരത്തെയും ക്രൂരമായ മർദ്ദനത്തിന് ഇരയായിട്ടുണ്ടോ എന്ന് പോലീസ് സംശയിക്കുന്നു.
ഷിജിലും കൃഷ്ണപ്രിയയും മാസങ്ങളായി പിരിഞ്ഞു താമസിക്കുകയായിരുന്നു. അടുത്തിടെയാണ് ഇവർ വീണ്ടും ഒന്നിച്ചു താമസിക്കാൻ തുടങ്ങിയത്. കുഞ്ഞ് ജനിച്ച് ആറ് മാസത്തിന് ശേഷമാണ് ഷിജിൽ ആദ്യമായി കുഞ്ഞിനെ കാണുന്നത് പോലും. ഷിജിലിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കുട്ടികൾക്കെതിരെയുള്ള അതിക്രമം, കൊലപാതകം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.