

നെയ്യാറ്റിൻകര: കാഞ്ഞിരംകുളം സ്വദേശികളായ ഷിജിൽ–കൃഷ്ണപ്രിയ ദമ്പതികളുടെ ഏക മകൻ ഇഹാൻ (ഒരു വയസ്സ്) ആണ് മരിച്ചത്. നെയ്യാറ്റിൻകര കവളാകുളത്തെ വാടകവീട്ടിൽ വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് കുട്ടിയുടെ അമ്മയുടെ വീട്ടുകാർ പരാതിപ്പെട്ടതോടെ നെയ്യാറ്റിൻകര പോലീസ് കേസെടുത്തു.
പിതാവ് ഷിജിൽ കടയിൽ നിന്ന് വാങ്ങിക്കൊണ്ടുവന്ന ബിസ്‌ക്കറ്റ് കൃഷ്ണപ്രിയ കുഞ്ഞിന് നൽകുകയായിരുന്നു. ഇത് കഴിച്ചതിന് പിന്നാലെ കുഞ്ഞ് പെട്ടെന്ന് കുഴഞ്ഞുവീണു.കുഞ്ഞിന്റെ വായിൽ നിന്ന് കഫം പുറത്തുവന്നതായും ശരീരം തണുത്ത് ചുണ്ടുകൾക്ക് നിറവ്യത്യാസം ഉണ്ടായതായും കൃഷ്ണപ്രിയ പോലീസിന് മൊഴി നൽകി. ഉടൻ തന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ മാതാപിതാക്കളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ബിസ്‌ക്കറ്റ് തൊണ്ടയിൽ കുടുങ്ങിയതാണോ അതോ മറ്റ് ആരോഗ്യപ്രശ്നങ്ങളാണോ മരണകാരണമെന്ന് വ്യക്തമാകാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്.
കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. രാസപരിശോധനാ ഫലങ്ങൾ കൂടി ലഭിച്ചാലേ മരണകാരണത്തിൽ അന്തിമ വ്യക്തത വരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു.