
തിരുവനന്തപുരം: ക്ഷേത്രസ്ഥാപകനും പൂജാരിയുമായ നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധിയിൽ അടിമുടി ദുരൂഹത. പിതാവ് സമാധിയായെന്നും, സമാധിപീഠത്തിലാണ് മൃതദേഹം അടക്കിയതെന്നുമുള്ള മക്കളുടെ വാക്കുകളിൽ വിശ്വാസം വരാത്ത നാട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് സമാധിപീഠം പൊളിച്ച് മൃതദേഹം പുറത്തെടുക്കാനുള്ള നീക്കം പോലീസ് ആരംഭിച്ചു.(Neyyattinkara Gopan Swami Samadhi case)
നാട്ടുകാർ സംശയമുന്നയിക്കുന്നത് മണിയന്‍ എന്ന ഗോപന്‍ സ്വാമി(69)യുടെ മരണത്തിലാണ്. രോഗബാധിതനായി കിടപ്പിലായിരുന്ന അദ്ദേഹം കഴിഞ്ഞ വ്യാഴാഴ്ച്ച സമാധിയായെന്ന് കാട്ടി മക്കൾ വീടിന് മുന്നിൽ ബോർഡ് സ്ഥാപിക്കുകയായിരുന്നു. മരണം സംബന്ധിച്ച് ഡോക്ടറുടെ സ്ഥിരീകരണം തേടിയിട്ടില്ല.
സമാധിപീഠം പൊളിച്ച് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാൻ പോലീസ് ഇൻസ്‌പെക്ടർ എസ് ബി പ്രവീൺ കലക്ടറോട് അനുമതി തേടിയിരുന്നു. തിങ്കളാഴ്ച്ച കളക്ടർ ഇക്കാര്യത്തിൽ തീരുമാനമറിയിക്കും. ഇതിനു ശേഷമായിരിക്കും ആർ ഡി ഒയുടെ സാനിധ്യത്തിൽ സമാധിപീഠം പൊളിക്കുക.