

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസുകാരനായ ഇഖാനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഷിജിൻ, കുഞ്ഞിനെ നിരന്തരമായി പീഡിപ്പിച്ചിരുന്നതായി അമ്മ കൃഷ്ണപ്രിയ. കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയം പ്രകടിപ്പിച്ചിരുന്ന ഷിജിൻ, ക്രൂരമായ മർദ്ദനത്തിന് ശേഷമാണ് കുഞ്ഞിനെ തന്റെ കൈവശം തന്നിരുന്നതെന്ന് അവർ കണ്ണീരോടെ വെളിപ്പെടുത്തി.
"നീ അവസാനം വരെ എന്റെ മുഖമേ കാണുള്ളൂ" എന്ന് പറഞ്ഞ് ഷിജിൻ കുഞ്ഞിനെ ഭീഷണിപ്പെടുത്തുമായിരുന്നു. കുഞ്ഞിനെ കൈകാര്യം ചെയ്യുമ്പോൾ തന്നെ അടുത്തുനിൽക്കാൻ സമ്മതിക്കില്ലായിരുന്നു. കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച് ശബ്ദം പോലും പുറത്തുവരാത്ത വിധം കുട്ടി തളരുമ്പോഴാണ് തന്റെ അടുത്തേക്ക് തന്നിരുന്നത്. ഷിജിൻ കുഞ്ഞിനോട് ദേഷ്യപ്പെടുന്നത് കേട്ടെങ്കിലും പിന്നാലെ കുഞ്ഞിന്റെ പേര് അലറിവിളിക്കുന്നത് കേട്ടാണ് ഓടിയെത്തിയത്. അപ്പോൾ കുട്ടി കുഴഞ്ഞുവീണ് കിടക്കുകയായിരുന്നു-കുഞ്ഞിന്റെ 'അമ്മ മൊഴി നൽകി.
അതേസമയം , കുഞ്ഞിന്റെ ആന്തരിക രക്തസ്രാവം ഷിജിന്റെ കൈമുട്ട് കൊണ്ടേറ്റ ക്ഷതത്തെ തുടർന്നുണ്ടായതാണെന്ന് വ്യക്തമായി.
അടിവയറ്റിൽ ചതവുകളും കൈയ്ക്ക് മൂന്നാഴ്ച പഴക്കമുള്ള പൊട്ടലുമുണ്ടായിരുന്നു. രാത്രിയിൽ കുട്ടി കരയുന്നത് ഷിജിനെ അസ്വസ്ഥനാക്കിയിരുന്നതായും ഇതാണ് ഉപദ്രവിക്കാൻ കാരണമായതെന്നും പോലീസ് പറഞ്ഞു.
മൂന്നുമാസത്തോളം പിരിഞ്ഞുതാമസിച്ച ഷിജിനും കൃഷ്ണപ്രിയയും ബന്ധുക്കളുടെ ഇടപെടലിനെത്തുടർന്ന് കുഞ്ഞിന് ആറ് മാസം പ്രായമുള്ളപ്പോഴാണ് വീണ്ടും ഒന്നിച്ചു താമസിക്കാൻ തുടങ്ങിയത്. എന്നാൽ ഈ പുനഃസമാഗമത്തിന് പിന്നാലെയാണ് പിതാവ് തന്നെ മകന്റെ അന്തകനായത്. പ്രതിയായ ഷിജിനെ നെയ്യാറ്റിൻകര പോലീസ് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തു.