നവാസിന് മരണാനന്തര ഇൻഷുറൻസ് ക്ലെയിം ആയി എൽഐസിയുടെ 26 ലക്ഷം രൂപ ലഭിച്ചെന്ന വാർത്ത വ്യാജം; പ്രതികരിച്ച് സഹോദരൻ നിയാസ് | Nawas

"ഇത് ചെയ്തത് ആരായാലും വലിയൊരു ദ്രോഹമാണ്, ആരെയും ഇങ്ങനെ ദ്രോഹിക്കരുത്"
Nawas
Published on

അന്തരിച്ച നടൻ നവാസിന് മരണാനന്തര ഇൻഷുറൻസ് ക്ലെയിം ആയി എൽഐസി (ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ) 26 ലക്ഷം രൂപ നൽകിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് നവാസിന്റെ സഹോദരനും നടനുമായ നിയാസ് ബക്കർ. എൽഐസിയുടെ പേരിൽ പ്രചരിക്കുന്ന പോസ്റ്ററിൽ പറയുന്നതുപോലെ ഒരു ക്ലെയിമും തങ്ങൾക്ക് ലഭിച്ചിട്ടില്ല. എൽഐസിയുടെ ഔദ്യോഗിക രേഖകളൊന്നുമില്ലാതെ നവാസിന്റെ ഫോട്ടോ ഉപയോഗിച്ചാണ് ഏഴു ലക്ഷം പ്രീമിയം അടച്ച നവാസിന് 26 ലക്ഷം ക്ലെയിം ആയി നൽകിയെന്ന് പ്രചരിക്കുന്നത്. 'ജീവിതത്തിനൊപ്പവും ജീവിതത്തിനു ശേഷവും നിങ്ങളോടൊപ്പം' എന്ന എൽഐസിയുടെ ടാഗ്‌ലൈനും പോസ്റ്ററിനൊപ്പം കുറിച്ചിട്ടുണ്ട്. വാട്ട്സാപ്പിലൂടെ പ്രചരിക്കുന്ന പോസ്റ്റർ ചിലർ അയച്ചു തന്നപ്പോഴാണ് ഇത് ശ്രദ്ധയിൽപ്പെട്ടതെന്നും നിയാസ് പറയുന്നു.

‘‘എന്റെ സഹോദരൻ നവാസിന് 26 ലക്ഷം രൂപ എൽഐസി ഇൻഷുറൻസ് ക്ലെയിം ആയി കിട്ടി എന്ന് പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നാണ് എനിക്ക് ആദ്യമേ പറയാനുള്ളത്. ഞങ്ങൾ ഒന്നിനും വയ്യാത്ത സാഹചര്യത്തിലാണ്. ഇതിനിടയിലാണ് നവാസിന് എൽഐസി ഇൻഷുറൻസ് ക്ലെയിം ആയി 26 ലക്ഷം രൂപ തന്നു എന്ന ഒരു വാർത്ത ശ്രദ്ധയിൽ പെടുന്നത്. വാട്സാപ്പിൽ ഷെയർ ചെയ്തു കിട്ടിയ ഒരു പോസ്റ്റർ ആൾക്കാർ അയച്ചു തരുമ്പോഴാണ് ഞങ്ങൾ അറിയുന്നത്. അത്തരമൊരു സംഭവം നടന്നിട്ടില്ല എന്നിരിക്കെ ആരാണ് ഇത്തരമൊരു വാർത്ത പ്രചരിപ്പിക്കുന്നത് എന്ന് അറിയില്ല.

ഇത് എൽഐസിയുടെ ഔദ്യോഗിക ആളുകൾ ആണോ അയച്ചത് എന്നുപോലും അറിയില്ല. എൽഐസിയുടെ ഔദ്യോഗികമായ എംബ്ളമോ സീലോ ഒന്നും ഈ പോസ്റ്ററിൽ ഇല്ല. ഈ ഫേക്ക് ന്യൂസ് എവിടെനിന്ന് തുടങ്ങി എന്നതിനെപ്പറ്റി ഒരു തെളിവും ഇല്ല. ഇത് തികച്ചും അസത്യമായ പ്രചാരണമാണ്. അങ്ങനെ ഒരു തുക ഞങ്ങൾക്ക് കിട്ടിയിട്ടില്ല. എൽഐസിയുടെ പേരിൽ വന്ന ഒരു വ്യാജ വാർത്തയാണിത്. എൽഐസിയുടെ വാർത്തയാണെന്ന് പറയാനുള്ള ഒരു തെളിവും അതിൽ ഇല്ല. ഇത് ചെയ്തത് ആരായാലും വലിയൊരു ദ്രോഹമാണ്. ഞങ്ങൾക്ക് മാത്രമല്ല ആരെപ്പറ്റി ഇങ്ങനെ അസത്യപ്രചാരണം നടത്തിയാലും അത് മോശമാണ്. പത്തു പൈസയുടെ ഗതിയില്ലാതെ ഇരിക്കുമ്പോൾ ഇങ്ങനെ ഒരു പ്രചാരണം നടത്തിയാൽ കിട്ടാനുള്ളത് കൂടി ഇല്ലാതെയാകും. ഞങ്ങളെ സംബന്ധിച്ച് നവാസ് ചെയ്ത വർക്കുകളുടെ പേയ്മെന്റ് ഒക്കെ കിട്ടാനുണ്ട്. ഇത്രയും പണം ഞങ്ങൾക്ക് കിട്ടി എന്നുകരുതി അത് തരാൻ അമാന്തിക്കാനും സാധ്യതയുണ്ട്.

ഈ ചെയ്തത് ഒരു ഉപദ്രവമാണ്. ഇത് ചെയ്തത് എൽഐസി ആണോ എന്നുപോലും അറിയില്ല. ഇവരുടെ ഏജൻസി ഗ്രൂപ്പിൽ ഒക്കെ ഈ പോസ്റ്റ് വന്നിട്ടുള്ളതാണ്. ഏതെങ്കിലും ഒരു ഏജൻസി അവരുടെ കാര്യലാഭത്തിനു വേണ്ടി ചെയ്തിട്ടുള്ളതായിരിക്കാം. എന്തായാലും ഇത് വളരെ മോശമായ കാര്യമാണ്, മാത്രമല്ല ഇത് ഫേക്ക് ആണ് എന്ന് ഒന്നുകൂടി പറയുകയാണ്. ഇത് കാണുന്നവർ വിശ്വസിക്കരുത്. ഞങ്ങൾ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ഇത് വ്യാജ വാർത്തയാണ് ഞങ്ങളോട് ചെയ്യുന്ന വലിയ ചതിയാണ് എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. ആരെയും ഇങ്ങനെ ദ്രോഹിക്കരുത്.’’–നിയാസ് ബക്കർ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com