
നെടുങ്കണ്ടം: പ്രസവത്തെ തുടര്‍ന്ന് നവജാതശിശുവും മണിക്കുറുകള്‍ക്കുള്ളില്‍ ഡോക്ടറായ മാതാവും മരിച്ചു. ഉടുമ്പന്‍ചോല പാറത്തോട് ഗുണമണി വീട്ടില്‍ ഡോ. വീരകിഷോറിന്റെ ഭാര്യ ഡോ. വിജയലക്ഷ്മിയും (29) നവജാതശിശുവുമാണ് മരിച്ചത്. ആന്തരിക രക്തസ്രാവമാണ് ആരോഗ്യസ്ഥിതി മോശമാകാനും മരണത്തിലേക്ക് നയിച്ചതെന്ന നിഗമനമാണ് ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
രണ്ട് ദിവസം മുമ്പാണ് പ്രസവത്തിനായി ഡോ. വിജയലക്ഷ്മിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ ഓപ്പറേഷനെ തുടര്‍ന്ന് കുഞ്ഞും മണിക്കുറുകള്‍ക്ക് ശേഷം തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകും വഴി മാതാവും മരിച്ചത്.
സ്വാഭാവിക പ്രസവത്തിനായി വീട്ടുകാര്‍ കാത്തിരുന്നെങ്കിലും നടക്കാഞ്ഞതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ടോടെ ശസ്ത്രക്രിയ നടത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു. രാത്രി ഒമ്പത് മണിയോടെ വിജയലക്ഷ്മി ശാരീരിക അസ്വാസ്ഥ്യം കാണിക്കുകയും ആരോഗ്യനില വഷളാവുകയും െചയ്തു. കട്ടപ്പനയില്‍ നിന്നും വെന്‍റിലേറ്റർ സൗകര്യമുള്ള ആംബുലന്‍സ് എത്തിച്ച് രാത്രി 10 ഓടെ പത്തോടെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ വിജയലക്ഷ്മി രാത്രി 12 ഓടെ വഴിമധ്യേ തമിഴ്‌നാട്ടില്‍ വച്ച് മരിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും.