കൊച്ചി: ഫോർട്ട് കൊച്ചിയിൽ പുതുവത്സരാഘോഷങ്ങൾക്ക് ആവേശം പകർന്ന് ഇത്തവണ രണ്ട് കൂറ്റൻ പപ്പാഞ്ഞികൾ അഗ്നിക്കിരയാകും. കൊച്ചിൻ കാർണിവലിന്റെ ഭാഗമായി പരേഡ് മൈതാനത്ത് ഒരുങ്ങുന്ന പപ്പാഞ്ഞിക്ക് പുറമെ, വെളി മൈതാനത്തും ഇത്തവണ 55 അടി ഉയരമുള്ള കൂറ്റൻ പപ്പാഞ്ഞി ഒരുങ്ങിയിട്ടുണ്ട്.(New Year's eagerness in Kochi, 2 huge pappanjis this time)
വെളി മൈതാനത്ത് 'ഗലാ ഡി. ഫോർട്ട് കൊച്ചി' എന്ന സംഘടനയുടെ നേതൃത്വത്തിൽ 55 അടി ഉയരമുള്ള പപ്പാഞ്ഞിയാണ് ഉള്ളത്. ഇതിന്റെ ഉദ്ഘാടനം നടൻ ഷെയിൻ നിഗം നിർവ്വഹിച്ചു. പരേഡ് മൈതാനത്ത് കൊച്ചിൻ കാർണിവൽ കമ്മിറ്റി തയ്യാറാക്കുന്ന 50 അടി ഉയരമുള്ള പപ്പാഞ്ഞിയുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഇതിനുപുറമെ, നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറോളം ചെറിയ പപ്പാഞ്ഞികളും പുതുവത്സരപ്പിറവിയിൽ അഗ്നിക്കിരയാകാൻ ഒരുങ്ങുന്നുണ്ട്.
സന്ദർശകർ ശ്രദ്ധിക്കാൻ
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഡിസംബർ 31-ന് ഉച്ചയ്ക്ക് 2 മണി മുതൽ ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. പ്രദേശവാസികളുടെ വാഹനങ്ങൾക്കും ഈ നിയന്ത്രണം ബാധകമാണ്. പരേഡ്, വേളി മൈതാനങ്ങളിൽ പാർക്കിംഗ് അനുവദിക്കില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 28 പാർക്കിംഗ് ഗ്രൗണ്ടുകൾ സജ്ജമാക്കിയിട്ടുണ്ട്.
വൈപ്പിൻ - ഫോർട്ട് കൊച്ചി റോ-റോയിൽ വാഹനങ്ങൾ വൈകുന്നേരം 4 മണി വരെ മാത്രമേ കയറ്റൂ. യാത്രക്കാരെ 7 മണി വരെ അനുവദിക്കും. തിരക്ക് ഒഴിവാക്കാൻ മെട്രോ സർവീസ് പുലർച്ചെ 2 മണി വരെയും, വാട്ടർ മെട്രോ പുലർച്ചെ 4 മണി വരെയും സർവീസ് നടത്തും. ആവശ്യാനുസരണം ബസ് സൗകര്യങ്ങളും ലഭ്യമാക്കും. കൊച്ചി സിറ്റി മേഖലയെ ഡ്രോൺ നിരോധിത മേഖലയായി പ്രഖ്യാപിച്ചു. ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. 1200 പോലീസുകാരെയാണ് സുരക്ഷയ്ക്കായി നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. കാർണിവൽ ആഘോഷങ്ങൾക്കായി എത്തുന്നവർ പരമാവധി പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.