തിരുവനന്തപുരം: 2025-നെ യാത്രയാക്കി പുതുവർഷത്തെ വരവേൽക്കാൻ കേരളം ഒരുങ്ങിക്കഴിഞ്ഞു. ആഘോഷങ്ങൾക്ക് ആവേശം പകരാൻ ഫോർട്ട് കൊച്ചിയിലും തിരുവനന്തപുരം കോവളത്തും പടുകൂറ്റൻ പപ്പാഞ്ഞികളാണ് തയ്യാറായിരിക്കുന്നത്. ഇന്ന് അർദ്ധരാത്രി പപ്പാഞ്ഞികളെ അഗ്നിക്കിരയാക്കുന്നതോടെ സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങൾക്ക് തുടക്കമാകും.(New Year celebrations, Giant pappanjis rise in Fort Kochi and Kovalam)
ഇത്തവണ ഫോർട്ട് കൊച്ചിയിൽ രണ്ട് വമ്പൻ പപ്പാഞ്ഞികളാണ് പ്രധാന ആകർഷണം. വെളി മൈതാനത്ത് 'ഗലാ ഡി. ഫോർട്ട് കൊച്ചി'യുടെ നേതൃത്വത്തിൽ 55 അടി ഉയരമുള്ള പപ്പാഞ്ഞിയാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം നടൻ ഷെയിൻ നിഗം നിർവഹിച്ചു. പരേഡ് മൈതാനിയിൽ കൊച്ചിൻ കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 50 അടി ഉയരമുള്ള പപ്പാഞ്ഞിയാണ് ഉയരുന്നത്.
ഇവയ്ക്ക് പുറമെ ഫോർട്ട് കൊച്ചിയുടെ ഇടവഴികളിലായി നൂറോളം ചെറിയ പപ്പാഞ്ഞികളും ഒരുങ്ങിക്കഴിഞ്ഞു. കൊച്ചിൻ കാർണിവലും ബിനാലെയും കൂടി ചേരുന്നതോടെ നഗരത്തിൽ വൻ ജനപ്രവാഹമാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിയിലെ ആഘോഷ മാതൃക പിന്തുടർന്ന് തിരുവനന്തപുരം വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിലും ഇത്തവണ ഭീമൻ പപ്പാഞ്ഞിയെ നിർമ്മിച്ചിട്ടുണ്ട്. 40 അടി ഉയരമുള്ള ഈ പപ്പാഞ്ഞിയെ പത്ത് ദിവസമെടുത്താണ് കലാകാരന്മാർ പൂർത്തിയാക്കിയത്.
പുതുവത്സര രാത്രിയിൽ അഭയ ഹിരൺമയിയുടെ 'ഹിരൺമയം' മ്യൂസിക് ബാൻഡ്, ഡിജെ പാർട്ടി, ഫുഡ് ഫെസ്റ്റ് എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. രാത്രി 12 മണിക്ക് വെടിക്കെട്ടിന്റെ അകമ്പടിയോടെ പപ്പാഞ്ഞിയെ കത്തിക്കുന്നതോടെ ആഘോഷങ്ങൾക്ക് സമാപനമാകും. സുരക്ഷ കണക്കിലെടുത്ത് സംസ്ഥാനത്തുടനീളം പോലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ലഹരി വിരുദ്ധ പരിശോധനകളും ഗതാഗത നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുണ്ട്.