

തിരുവനന്തപുരം: 2026-ലേക്ക് രാജ്യം ചുവടുവെക്കുമ്പോൾ സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്ന നിരവധി പരിഷ്കാരങ്ങളാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്. തപാൽ സേവനങ്ങൾ, റെയിൽവേ സമയം, സർക്കാർ ശമ്പളം, മദ്യവില്പന തുടങ്ങിയ മേഖലകളിലെല്ലാം പ്രധാന മാറ്റങ്ങളുണ്ട്.(New Year and New Rules, From the 8th Pay Commission to Liquor Bottle Deposit)
കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എട്ടാം ശമ്പള കമ്മീഷൻ ഇന്ന് (2026 ജനുവരി 1) മുതൽ പ്രാബല്യത്തിൽ വരും. ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂ എങ്കിലും, പുതുക്കിയ ശമ്പളത്തിന്റെ ആനുകൂല്യങ്ങൾ ഈ തീയതി മുതൽ മുൻകാല പ്രാബല്യത്തോടെ ജീവനക്കാർക്ക് ലഭിക്കും. ഇത് ശമ്പളത്തിലും പെൻഷനിലും കാര്യമായ വർദ്ധനവിന് വഴിതുറക്കും.
ട്രാക്കിംഗ് സൗകര്യം കുറഞ്ഞതും വേഗതയില്ലാത്തതുമായ ചില വിദേശ തപാൽ സേവനങ്ങൾ തപാൽ വകുപ്പ് നിർത്തലാക്കി. വിദേശത്തേക്കുള്ള രജിസ്റ്റേഡ് സ്‌മോൾ പാക്കറ്റ് സർവീസ്, ഔട്ടവേഡ് സ്‌മോൾ പാക്കറ്റ് സർവീസ് എന്നിവ ഇന്നു മുതൽ ഉണ്ടാകില്ല. സർഫസ് ലെറ്റർ മെയിൽ, സർഫസ് എയർ ലിഫ്റ്റഡ് മെയിൽ സേവനങ്ങളും നിർത്തലാക്കി. പകരം കൂടുതൽ വേഗതയുള്ള ഇന്റർനാഷണൽ ട്രാക്ക്ഡ് പാക്കറ്റ് സർവീസ് (ITPS) ഉപയോഗിക്കാൻ ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകി.
കേരളത്തിലെ എല്ലാ ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിലും പ്ലാസ്റ്റിക് കുപ്പി ഡെപ്പോസിറ്റ് സ്‌കീം ഇന്ന് മുതൽ നിർബന്ധമാക്കി. പ്ലാസ്റ്റിക് കുപ്പിയിലുള്ള മദ്യം വാങ്ങുമ്പോൾ വിലയ്ക്ക് പുറമെ 20 രൂപ അധികം നൽകണം. മദ്യം ഉപയോഗിച്ച ശേഷം കാലിക്കുപ്പി ഏതെങ്കിലും ഔട്ട്‌ലെറ്റിൽ തിരിച്ചേൽപ്പിച്ചാൽ ഈ 20 രൂപ തിരികെ ലഭിക്കും. മദ്യം റോഡരികിലും മറ്റും വലിച്ചെറിയുന്നത് ഒഴിവാക്കി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനാണ് ഈ നീക്കം.
കേരളത്തിലൂടെ ഓടുന്ന പ്രധാന ട്രെയിനുകളുടെ സമയക്രമത്തിൽ റെയിൽവേ മാറ്റം വരുത്തി. ശബരി എക്‌സ്പ്രസ് രാവിലെ 10.40-ന് (30 മിനിറ്റ് നേരത്തെ) എറണാകുളം ടൗണിലെത്തും. കേരള എക്‌സ്പ്രസ് വൈകിട്ട് 4.30-ന് (20 മിനിറ്റ് നേരത്തെ) എറണാകുളം ടൗണിലെത്തും. ഹിമസാഗർ എക്‌സ്പ്രസ് രാത്രി 7.25-ന് (ഒരു മണിക്കൂർ നേരത്തെ) തിരുവനന്തപുരത്ത് എത്തും. ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി വൈകിട്ട് 5.05-ന് (10 മിനിറ്റ് വൈകി) എറണാകുളത്ത് എത്തും.
പി.എം കിസാൻ പദ്ധതിയിൽ ഇന്ന് മുതൽ പുതിയതായി അപേക്ഷിക്കുന്നവർക്ക് പ്രത്യേക ഫാർമർ ഐഡി നിർബന്ധമാക്കി. നിലവിലുള്ള ഉപഭോക്താക്കളെ ഈ മാറ്റം ബാധിക്കില്ല. തട്ടിപ്പുകൾ ഒഴിവാക്കാനും അർഹരായ കർഷകരിലേക്ക് ആനുകൂല്യങ്ങൾ എത്തിക്കാനുമാണ് ഡിജിറ്റൽ തിരിച്ചറിയൽ രേഖ നിർബന്ധമാക്കിയത്.
ആധാർ കാർഡുമായി പാൻ ലിങ്ക് ചെയ്യാത്തവർക്ക് ഇന്നു മുതൽ ആദായനികുതി സംബന്ധമായ സേവനങ്ങൾ തടസ്സപ്പെട്ടേക്കാം. ബി.എം.ഡബ്ല്യു, ടാറ്റ മോട്ടോഴ്‌സ് ഉൾപ്പെടെയുള്ള കമ്പനികൾ വാഹനങ്ങളുടെ വിലയിൽ വർദ്ധനവ് വരുത്തിയിട്ടുണ്ട്.