

കാസർകോട്: ചരിത്ര ഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടുള്ള മടിക്കൈ പഞ്ചായത്തിലെ എരിക്കുളം വലിയപാറയിൽ, 'തോരണം' എന്ന ശിലാചിത്രം അന്വേഷിച്ചെത്തിയ ഗവേഷക സംഘം പരുന്തിൻ്റെയും പാമ്പിൻ്റെയും പുതിയ ശിലാചിത്രങ്ങൾ കണ്ടെത്തി. മൂർച്ചയുള്ള ആയുധം കൊണ്ട് പുൽമേടുകൾക്കിടയിലെ പാറയിൽ കോറിയിട്ട ചിത്രങ്ങളാണ് ഇവ.
ഗവേഷക സംഘത്തിൻ്റെ കണ്ടെത്തലുകൾ
കാഞ്ഞങ്ങാട് നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളജിലെ ചരിത്രാധ്യാപകനും ഗവേഷകനുമായ ഡോ. നന്ദകുമാർ കോറോത്ത്, പ്രാദേശിക പുരാവസ്തു ഗവേഷകൻ സതീശൻ കാളിയാനം, ബറോഡ സർവ്വകലാശാലയിലെ പുരാവസ്തു വിഭാഗം വിദ്യാർഥികളായ അനഘ ശിവരാമകൃഷ്ണൻ, അസ്‌ന ജിജി എന്നിവരടങ്ങുന്ന സംഘമാണ് നിരീക്ഷണം നടത്തിയത്.
പരുന്തിൻ്റെയും പാമ്പിൻ്റെയും ചിത്രങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്. മരച്ചില്ലയിൽ പറന്നിറങ്ങുന്ന രീതിയിൽ ഒരു കാൽ പുറത്തേക്ക് നീട്ടിയ രൂപത്തിലാണ് പരുന്തിൻ്റെ ചിത്രം.സമീപത്തായി മനുഷ്യൻ്റെ മുഖത്തിനോട് സാദൃശ്യമുള്ള അവ്യക്തമായ രൂപവും കൊത്തിവച്ചിട്ടുണ്ട്.
തുടർ നിരീക്ഷണങ്ങളിൽ, വലിയ പാറയ്ക്ക് സമീപമുള്ള ഉമ്മിച്ചിയിൽ പാറപ്പുറത്ത് മൃഗങ്ങളുടെ പത്തിലധികം കാൽപ്പാടുകളും കൊത്തിവച്ചതായി കണ്ടെത്തി. ചീമേനി അരിയിട്ട പാറയിൽ മനുഷ്യൻ്റെയും മൃഗങ്ങളുടെയും ചിത്രങ്ങൾക്ക് പുറമേ അറുപതിലധികം മൃഗങ്ങളുടെ കാൽപ്പാടുകളും കണ്ടെത്തി. കഴിഞ്ഞ വർഷം കാഞ്ഞിരപൊയിലിൽ നാല്പതിലധികം ജോഡി പാദമുദ്രകൾ കണ്ടെത്തിയിരുന്നു.
ചരിത്രപരമായ പ്രാധാന്യം
ഹാരാഷ്ട്രയിലെ രത്നഗിരി മുതൽ വയനാട് വരെ ചെങ്കൽ പാറകളിൽ സമാന രീതിയിലാണ് പ്രാചീന മനുഷ്യർ ശിലാചിത്രങ്ങൾ വരച്ചു വച്ചിട്ടുള്ളതെന്നു പറയപ്പെടുന്നു. മഹാരാഷ്ട്രയിലെ കൊങ്കൺ തീരത്തിന് സമീപമുള്ള ചെങ്കൽ പാറകളിലെ ആയിരത്തിലധികം ശിലാചിത്രങ്ങൾക്ക് പന്ത്രണ്ടായിരത്തിലധികം വർഷം പഴക്കമുണ്ടെന്നാണ് നിഗമനം.എരിക്കുളത്ത് നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന മനുഷ്യർ വിശ്രമവേളകളിൽ ഇര തേടുന്ന പരുന്തിൻ്റെയും ഇഴഞ്ഞു നീങ്ങുന്ന പാമ്പിൻ്റെയും രൂപങ്ങൾ കൊത്തിവെച്ചതായിരിക്കാനാണ് സാധ്യത.പുതിയ കണ്ടെത്തലുകളോടെ കാസർകോട് ജില്ലയിൽ നിന്ന് മാത്രം കണ്ടെത്തിയ ശിലാചിത്രങ്ങളുടെ എണ്ണം 200 കവിഞ്ഞു.
മഹാശിലാ സംസ്കാരത്തിൻ്റെ ശേഷിപ്പുകൾ
കാസർകോട് ജില്ലയിൽ മഹാശിലാ സംസ്കാരത്തിൻ്റെ ഒരായിരം സ്മാരകങ്ങൾ കാണാം.മാസങ്ങൾക്ക് മുമ്പ് ജലജീവൻ മിഷൻ പദ്ധതിക്കായി കുഴിയെടുത്തപ്പോൾ ചെങ്കല്ലറയും 2000 വർഷം പഴക്കമുള്ള മഹാശിലാ കാലഘട്ടത്തിൻ്റെ ചരിത്ര ശേഷിപ്പുകളും മണിമൂലയിൽ നിന്ന് കണ്ടെത്തിയിരുന്നു.മൺചട്ടികൾ, വലിയ പാത്രത്തിൻ്റെ അടപ്പ്, അടുപ്പിന് ഉപയോഗിക്കുന്ന രീതിയിൽ നിർമിച്ച മൂന്ന് കലോട് കൂടിയ ഇരുമ്പ് സ്റ്റാൻഡ്, പേനാക്കത്തി പോലുള്ള ഇരുമ്പായുധങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവയും കണ്ടെത്തിയിരുന്നു.അപൂർവ്വമായി മാത്രം ലഭിക്കാറുള്ള അസ്ഥികഷണങ്ങൾ ദ്രവിക്കാതെ ലഭിച്ചു എന്നത് ഈ കണ്ടെത്തലിൻ്റെ ചരിത്രപരമായ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.ശിലാചിത്രങ്ങൾ സംരക്ഷിക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ വിലപ്പെട്ട ചരിത്ര ശേഷിപ്പുകൾ നഷ്‌ടപ്പെട്ടുപോകാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു.