കണ്ണൂർ : ന്യൂമാഹി ഇരട്ടക്കൊലക്കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ട സംഭവത്തിൽ പോലീസിനെതിരെ ആരോപണവുമായി മുൻ ഡി ജി പി സെൻകുമാർ രംഗത്തെത്തി. കണ്ണൂർ ജില്ലയിൽ ഒരു ഭാഗത്തു സിപിഎമ്മും മറുഭാഗത്തു ആർ എസ് എസ് /ബിജെപി, കോൺഗ്രസ്, എന്നിങ്ങനെയുള്ള കക്ഷികളും രാഷ്ട്രീയ ആക്രമണങ്ങളും കൊലപാതകങ്ങളും നടത്തുന്നത്, പ്രത്യേകിച്ചു സിപിഎം ഭരിക്കുമ്പോൾ, 2017 വരെ സർവ്വസാധാരണമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. (New Mahe double murder case)
തലശ്ശേരി എഎസ്പി എന്ന നിലയിൽ ജോലിചെയ്തിട്ടുള്ള തനിക്ക് ബോധ്യം ഉള്ളത് പോലീസ് നിഷ്പക്ഷമല്ലാതെ, നടപടികൾ എടുക്കുമ്പോഴാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതും പടരുന്നതും എന്നാണ് എന്നും,1986-1987 കാലഘട്ടത്തിൽ തൻ തലശ്ശേരി എഎസ്പി ആയിരുന്നപ്പോൾ ഒരൊറ്റ കൊലപാതകവും ഇത്തരത്തിൽ ഉണ്ടായില്ല എന്ന് മാത്രമല്ല, ആക്രമങ്ങൾ പോലും ഉണ്ടായിരുന്നില്ല എന്ന് പറയാൻ അഭിമാനമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "എന്നാൽ പോലീസ് ശ്രേണി രാഷ്ട്രീയത്തിന് വഴിപ്പെടുകയും ഭരിക്കുന്ന പാർട്ടിയുടെ ഏജൻസി ആയി മാറുകയും ചെയ്യുമ്പോൾ കൊലപാതകങ്ങളും അക്രമങ്ങളും വർധിക്കുകയും പോലീസിൽ വിശ്വാസമില്ലാത്തവർ തിരിച്ചടിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്നു. ഏതായാലും എം സാറിന്റെ സാന്നിധ്യത്തിൽ നടന്ന സംഭാഷണങ്ങൾക്ക് ശേഷം കഴിഞ്ഞ 7 വർഷങ്ങളായി താരതമ്യേനെ സമാധാനം നിലനിൽക്കുന്നു." അദ്ദേഹം പറഞ്ഞു.
പാർട്ടി ഗ്രാമങ്ങളും അവയിലേക്ക് മറ്റു പാർട്ടികൾ വരാതിരിക്കാൻ നടത്തുന്ന ശ്രമങ്ങളുമാണ് കണ്ണൂരിനെ കണ്ണുനീരാക്കുന്നത് എന്നും,2006-2011 എൽഡിഎഫ് ഭരണത്തിന്റെ കാലഘട്ടത്തിൽ നടന്ന നിരവധി രാഷ്ട്രീയ കൊലപാതകങ്ങളിലെ രണ്ടു കൊലപാതകങ്ങളാണ് 2008ൽ നടന്ന ഫസൽ കൊലക്കേസും 2010ൽ നടന്ന ന്യൂമാഹി ഇരട്ടകൊലപാതകവും എന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഫസൽ കൊലക്കേസിൽ ആർഎസ്എസ്നെ പ്രതിയാക്കുവാൻ ഭരണസ്വാധീനം ഉപയോഗിച്ച് ശ്രമിക്കുകയും അതിൽ സത്യസന്ധമായി അന്വേഷിക്കുവാൻ ശ്രമിച്ച രാധാകൃഷ്ണൻ എന്ന ഡിവൈഎസ്പിക്ക് അതീവ ദുരന്തങ്ങൾ ഉണ്ടാവുകയും ചെയ്തുവെന്നും വ്യക്തമാക്കി.
"അന്നത്തെ പോലീസ് ശ്രേണി ആ ഡിവൈഎസ്പിയെ സഹായിച്ചില്ല എന്ന് മാത്രമല്ല, പട്ടികജാതിക്കാരനായ അദ്ദേഹത്തെ ഉപദ്രവിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്തു. ഏതായാലും ഫസൽ കേസ് കോടതി മുഖാന്തിരം സിബിഐ ഏറ്റെടുക്കുകയും ചാർജ് ചെയ്യുകയും ചെയ്തു. അതിന്റെ ഭാഗമായി രാഷ്ട്രിയ പ്രേരിതമായി പ്രവർത്തിച്ച 2 ഡിവൈഎസ്പിമാർക്കെതിരെ നടപടിയും ശുപാർശ ചെയ്തിരുന്നു. ഒന്നും ഉണ്ടായില്ല. അതിനിടക്കാണ് ഇന്ന് തലശ്ശേരി അഡിഷണൽ ജില്ലാ കോടതിയിൽ ന്യൂ മാഹി ഇരട്ടക്കൊലക്കേസിന്റെ വിധി വന്നിരിക്കുന്നത്. തെളിവിന്റെ അഭാവത്തിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടു.ആരാണ് തെളിവില്ലാതാക്കിയത്?പോലീസ് തന്നെ.!!" അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.
ഇതിനു മുൻപുണ്ടായ കെ.ടി ജയകൃഷ്ണൻ കൊലക്കേസിലെ വിധിയിൽ പോലീസ് നടത്തിയിരുന്ന കള്ളത്തരങ്ങൾ കോടതി കണ്ടെത്തി നിശിതമായി വിമർശിക്കുകയും നടപടികൾ നിർദ്ദേശിക്കുകയും ചെയ്തിരുന്നുവെന്നും, രാഷ്ട്രീയ പോലീസ് നേതൃത്വങ്ങൾ ഒരു നടപടിയും എടുക്കാറില്ല എന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, എസ്പിസി മുതൽ എസ്പിവരെയുള്ള പോലീസ് അധികാരികൾ ഈ കൂട്ടുനിൽക്കലിനു എന്തിന് തയ്യാറായി എന്നും ചോദിച്ചു.
"ജനത അവരെ അറിയുമോ? അവർ ചെയ്ത ക്രൂരമായ പക്ഷപാദിത്വം അറിയുമോ? ഇല്ല.എല്ലാവരും മാന്യന്മാർ. ഇതാണ് ജനാധിപത്യ കേരളം. ഇതിലെ എത്ര പ്രതികളാണ് ടിപി ചന്ദ്രശേഖരനെ 51 വെട്ടു വെട്ടി കൊന്നത് എന്ന് കൂടി നോക്കുക.!" മുൻ ഡി ജി പി പറഞ്ഞു നിർത്തി.