കണ്ണൂർ : ന്യൂമാഹി ഇരട്ടക്കൊലക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ട കോടതി വിധിയിൽ പ്രതികരിച്ച് പ്രോസിക്യൂഷൻ. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ പി പ്രേമരാജൻ പറഞ്ഞത് അപ്പീൽ പോകുമെന്നാണ്. ഇത് പോലീസിൻ്റെ വീഴ്ച്ച ആണെന്ന് അദ്ദേഹം പരോക്ഷമായി പറഞ്ഞു. (New Mahe double murder case)
കേസിൽ അന്വേഷണം നടന്നത് കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രി ആയിരിക്കെയാണ്. ജയിൽ ഉദ്യോഗസ്ഥരെ തല്ലുന്ന പ്രതികൾക്കെതിരെ നിഷ്പക്ഷമായി സാക്ഷി പറയാൻ ആളെ കിട്ടിയില്ല എന്നും പ്രോസിക്യൂഷൻ പറഞ്ഞു. കെട്ടിച്ചമച്ച തെളിവുകളാണ് പ്രോസിക്യൂഷൻ ഹാജരാക്കിയതെന്നാണ് പ്രതിഭാഗം വാദിച്ചത്.
ന്യൂമാഹി ഇരട്ടക്കൊല കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടു. സി പി എം പ്രവർത്തകരായ പ്രതികളെയാണ് കോടതി വെറുതെവിട്ടത്. ആർ എസ് എസ് പ്രവർത്തകരായ വിജിത്ത്, ഷിനോജ് എന്നിവരാണ് കൊല്ലപ്പെട്ടത്. കേസിലെ 16 പ്രതികളിൽ 2 പേർ വിചാരണക്കിടെ മരിച്ചു. ബാക്കിയുള്ള 14 പവരെയും കോടതി വെറുതെവിട്ടു.
കേരളത്തെ ഞെട്ടിച്ച ഇരട്ടക്കൊല നടന്നത് 2010 മെയ് 28നാണ്. ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ്ഷാഫി, ഷിനോജ് എന്നിവരും കേസിലെ പ്രതികളാണ്. കേസിൻ്റെ വിചാരണ ആരംഭിച്ചത് കഴിഞ്ഞ ജനുവരിയിലാണ്. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കാട്ടിയാണ് കോടതിയുടെ നടപടി. പബ്ലിക് പ്രോസിക്യൂട്ടറായി പ്രേമരാജനും, പ്രതികൾക്കായി സികെ ശ്രീധരനും കെ വിശ്വനും ഹാജരായി.