തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജിലെ ഉപയോഗശൂന്യമായ കെട്ടിടം പൊളിഞ്ഞു വീണുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകന് ജോലിയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം....
‘കോട്ടയം മെഡിക്കൽ കോളേജിലെ ഉപയോഗശൂന്യമായ കെട്ടിടം പൊളിഞ്ഞു വീണുണ്ടായ അപകടത്തിൽ മരണമടഞ്ഞ ബിന്ദുവിന്റെ കുടുംബം നവീകരിച്ച പുതിയ വീട്ടിൽ താമസം ആരംഭിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്കീമാണ് 12.50 ലക്ഷം രൂപ ചെലവഴിച്ച് വീട് പുതുക്കി പണിതത്. നേരത്തെ ബിന്ദുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചിരുന്നു.
മകള്‍ക്കുള്ള ചികിത്സ ഉറപ്പാക്കുകയും മകന് ദേവസ്വം ബോര്‍ഡ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ജോലി നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. ജോലിയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് വരും ദിവസങ്ങളില്‍ ഉണ്ടാകും. അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിച്ചും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും ഒരുങ്ങിയ വീട് വലിയ ദുഃഖത്തിലും കൂടുബത്തിന് ആശ്വാസമേകട്ടെ..’