
ഓണം മൂഡ് എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായി സംഗീത സംവിധായകൻ ബിബിൻ അശോക്. ഓഗസ്റ്റ് എട്ടിന് വെള്ളിത്തിരയിൽ എത്തുന്ന 'സാഹസം' എന്ന ചിത്രത്തിലെ ഓണം മൂഡ് ഗാനം ഇന്ന് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ തരംഗമാണ്. പുറത്തിറങ്ങി ഏതാനം ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ പ്രേക്ഷകർക്ക് ഇടയിൽ ഏറെ സ്വീകാര്യതയാണ് ഗാനത്തിന് ലഭിച്ചത്. യു ട്യൂബ് മ്യൂസിക്ക് ട്രെൻഡിൽ ഇടംപിടിച്ച ഗാനം ഇക്കുറി മലയാളികളുടെ ഓണപ്പാട്ടായി മാറിക്കഴിഞ്ഞു.
ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന സാഹസം എന്ന ചിത്രത്തിൽ ബിബിൻ അശോക് ഈണം നൽകിയ ഓണം മൂഡ് എന്ന ഗാനം ആലപിച്ചത് ഫെജോയാണ്. ഗാനത്തിന് വരികൾ രചിച്ചത് വിനായക് ശശികുമാറും. ഓണം മൂഡ് ഗാനത്തിലെ ഏറ്റവും ശ്രദ്ധേയം, ഗാനത്തിലെ ഈണം തന്നെയാണ്. ഓണപ്പാട്ടിന് ന്യൂ ജെൻ ലുക്ക് നൽകിയ ബിബിൻ അശോകാണ് ഓണം മൂഡിലെ താരം.
മലയാള സിനിമയിലെ സംഗീത സംവിധായകനാണ് ബിബിൻ അശോക്. സംഗീത സംവിധായകാൻ ബിജിബാലിനൊപ്പം 10 വർഷത്തോളം മ്യുസിക് പ്രോഗ്രാമറായി 50 ഓളം ചിത്രങ്ങളിൽ ബിബിൻ പ്രവർത്തിച്ചിരുന്നു. നീരജ (2023), കൊറോണ ധവാൻ (2023) തുടങ്ങിയ ചിത്രങ്ങളിൽ പശ്ചാത്തലസംഗീതം ഒരുക്കിയാണ് ബിബിൻ മലയാളി പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധനേടുന്നത്. 2024 ൽ പുറത്തിറങ്ങിയ "മന്ദാകിനി" എന്ന ചലച്ചിത്രത്തിലെ സംഗീത സംവിധാനത്തിലൂടെ മലയാളികൾക്ക് സുപരിചിതനായി ബിബിൻ മാറിയിരുന്നു.
മന്ദാകിനിയിലെ 'വട്ടേപ്പം' എന്ന ഗാനം പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ഹിറ്റ്ലിസ്റ്റിൽ ഇടംപിടിക്കുകയുണ്ടായി. ഓഡിയോ പ്ലാറ്റ്‌ഫോമുകളിലും സോഷ്യൽ മീഡിയയിലും വൻ രീതിയിൽ ഗാനം വൈറലായതോടെ ബിബിൻ കൂടുതൽ ശ്രദ്ധേയനായി മാറി. തന്റെ ഓരോ ഗാനത്തിലും മലയാളത്തിന്‍റെ നാടൻ ഭാവങ്ങളെയും ആധുനിക സംഗീത ശൈലിയെയും മികച്ച രീതിയിൽ ലയിപ്പിക്കുകയാണ് ബീബിൻ. സാഹസത്തിലെ ഓണം മൂഡ് എന്ന ഗാനത്തിലൂടെ ബിബിൻ തന്റെ വേറിട്ട ശൈലി വീണ്ടും ആവിഷ്കരിച്ചിരിക്കുകയാണ്. ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യക്കും മകൾക്കുമൊപ്പം എറണാകുളത്താണ് ബിബിന്റെ താമസം.