കൊച്ചി: ശബരിമലയിലെ വാജിവാഹനം തന്ത്രിക്ക് നൽകിയത് ശാസ്ത്രഗ്രന്ഥമായ 'തന്ത്രസമുച്ചയ'ത്തിലെ വിധികൾ അനുസരിച്ചാണെന്ന് മുൻ ദേവസ്വം ബോർഡ് അംഗം അജയ് തറയിൽ. ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ളയെക്കുറിച്ചുള്ള അന്വേഷണം വഴിതിരിച്ചുവിടാനാണ് വാജിവാഹനത്തിന്റെ പേരിൽ ഗൂഢാലോചന നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.(New controversy is to cover up the gold theft in Sabarimala, says Ajay Tharayil )
ബിംബങ്ങളുടെയും ലോഹങ്ങളുടെയും ഉടമസ്ഥാവകാശം ആചാര്യനായ തന്ത്രിക്കാണ്. എല്ലാ ക്ഷേത്രങ്ങളിലും പിന്തുടരുന്ന ഈ ആചാരപ്രകാരമാണ് വാജിവാഹനം കൈമാറിയത്. കോടതി പോലും ചോദ്യം ചെയ്യാത്ത തന്ത്രസമുച്ചയത്തിലെ വ്യവസ്ഥകളെ ഒരു കമ്മീഷണറുടെ ഉത്തരവ് കൊണ്ട് റദ്ദാക്കാനാവില്ല.
2012-ലെ ദേവസ്വം കമ്മീഷണറുടെ ഉത്തരവിൽ വ്യക്തതയില്ല. നൂറ്റാണ്ടുകളായുള്ള കീഴ്വഴക്കങ്ങളെ അത്തരമൊരു ഉത്തരവ് കൊണ്ട് ഇല്ലാതാക്കാൻ കഴിയില്ല. വാജിവാഹനം കൈമാറിയ സമയത്ത് ഉദ്യോഗസ്ഥരോ അഭിഭാഷക കമ്മീഷനോ എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല.
ശബരിമലയുടെ പവിത്രത തകർക്കാനും നിലവിലെ സ്വർണ്ണക്കൊള്ളാക്കേസ് അട്ടിമറിക്കാനുമുള്ള കുത്സിത ശ്രമങ്ങളാണ് നടക്കുന്നത്. താൻ അംഗമായിരുന്ന യുഡിഎഫ് ഭരണസമിതിക്ക് ഇക്കാര്യത്തിൽ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല. വാജിവാഹനം തനിക്ക് അവകാശപ്പെട്ടതാണെന്ന് തന്ത്രി പറഞ്ഞിരുന്നു. എങ്കിലും വിവാദമായ സാഹചര്യത്തിൽ അത് തിരിച്ചുനൽകാമെന്ന് തന്ത്രി കത്ത് നൽകിയിട്ടുണ്ടെന്നും അജയ് തറയിൽ ചൂണ്ടിക്കാട്ടി.