പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എക്കെതിരായ പുതിയ പരാതിയില്‍ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. പാർട്ടിക്ക് ലഭിച്ച പരാതി ഡിജിപിക്ക് കൈമാറി. അല്ലാതെ പാർട്ടി അന്വേഷിക്കുമെന്ന് പറഞ്ഞിട്ടില്ല.സിപിഎം നേതാക്കൾക്കെതിരെ ഉയർന്നുവന്ന പരാതിയിൽ പാർട്ടി എന്ത് നടപടി സ്വീകരിച്ചു.
ശബരിമല കൊള്ള നടത്തിയവരെ സിപിഎം സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. എൻ.വാസുവിനെതിരെയും എ.പത്മകുമാറിനെതിരെയും സിപിഎം എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ഷാഫി പറമ്പിൽ ചോദിച്ചു.
അതേ സമയം,ഇന്ന് ഉച്ചയോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാതി കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ എത്തിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. സോണിയാഗാന്ധിക്കും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനുമാണ് കേരളത്തിന് പുറത്തുതാമസിക്കുന്ന 23 കാരി ഇ മെയിൽ വഴി പരാതി നൽകിയത്. ഒരു പരാതിയും രാഹുലിനെതിരെ കിട്ടിയിട്ടില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞത് ശരിയല്ലെന്ന് കാണിച്ചാണ് യുവതിയുടെ ഇ മെയിൽ.
ക്രൈംബ്രാഞ്ചും തന്നിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ടെന്ന് യുവതി പറയുന്നു. മേൽവിലാസമില്ലാത്ത പരാതി കെപിസിസി നേതൃത്വം പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. രണ്ടാമതൊരു പരാതി കൂടി വന്നതോടെ കോൺഗ്രസ് കൂടുതൽ വെട്ടിലായി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നു.