ജിഎസ്ടിയിലെ പുതിയ മാറ്റങ്ങൾ പാക്കേജിങ് വ്യവസായത്തിന് തിരിച്ചടി; അടിയന്തര സർക്കാർ ഇടപെടൽ വേണമെന്ന് ആവശ്യം

ജിഎസ്ടിയിലെ പുതിയ മാറ്റങ്ങൾ പാക്കേജിങ് വ്യവസായത്തിന് തിരിച്ചടി; അടിയന്തര സർക്കാർ ഇടപെടൽ വേണമെന്ന് ആവശ്യം
Published on

കൊച്ചി: ജിഎസ്ടി നിരക്കുകളിലെ പുതിയ പരിഷ്കാരങ്ങൾ പാക്കേജിങ് വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കിയതായി കേരള കോറഗേറ്റഡ് ബോക്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (KECBMA). അസംസ്കൃത വസ്തുക്കളുടെ നികുതി വർധനയും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭ്യമല്ലാത്തതും മൂലം നിർമാണച്ചെലവ് കുതിച്ചുയരുകയാണെന്ന് എറണാകുളത്ത് സംഘടിപ്പിച്ച ജിഎസ്ടി സെമിനാറിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു.

കെ.സി.ബി.എം.എയുടെ ആഭിമുഖ്യത്തിൽ എറണാകുളം ലൂമിനാർ ഹോട്ടലിലാണ് സെമിനാർ സംഘടിപ്പിച്ചത്. ഫെഡറേഷൻ ഓഫ് കോറഗേറ്റഡ് ബോക്സ് മാനുഫാക്ചറേഴ്സ് ഓഫ് ഇന്ത്യയുടെ (എഫ്.സി.ബി.എം) ടാക്സേഷൻ കമ്മിറ്റി ചെയർമാൻ അലോക് കുമാർ ഗുപ്ത മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനത്തെ നൂറ്റമ്പതോളം കാർട്ടൺ ബോക്സ് നിർമാതാക്കളും അവരുടെ അക്കൗണ്ടന്റുമാരും സെമിനാറിൽ പങ്കെടുത്തു.

ജിഎസ്ടി പരിഷ്കാരങ്ങൾ പാക്കേജിങ് വ്യവസായത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അലോക് കുമാർ ഗുപ്ത ചൂണ്ടിക്കാട്ടി. അസംസ്കൃത വസ്തുവായ പേപ്പറിന്മേലുള്ള നികുതി 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്തിയതോടെ ഈ വ്യവസായം 'ഇൻവെർട്ടഡ് ടാക്സ്' ഘടനയിലേക്ക് മാറിയിരിക്കുകയാണ്. ഇത് പ്രവർത്തന മൂലധനത്തെയും ലാഭക്ഷമതയെയും സാരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നികുതി വർധനയോടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ ഗണ്യമായി കുറഞ്ഞു. ബോക്സ് നിർമാണത്തിലെ പ്രിന്റിങ്, മറ്റ് സേവനങ്ങൾ എന്നിവയ്ക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭ്യമല്ലാതായതോടെ നിർമാണച്ചെലവിൽ 10 മുതൽ 15 ശതമാനം വരെ വർധനയുണ്ടാകുമെന്ന് വ്യവസായ പ്രതിനിധികൾ പറഞ്ഞു. നികുതി ഘടനയിലെ പ്രശ്നങ്ങൾ മൂലം സർക്കാർ റീഫണ്ടുകൾ വൈകുന്നത് സംരംഭകരുടെ പ്രവർത്തന മൂലധന പ്രതിസന്ധി രൂക്ഷമാക്കും.

"ഏതൊരു വ്യവസായത്തിനും പാക്കേജിങ് അത്യന്താപേക്ഷിത ഘടകമാണ്. ഈ മേഖലയെ സംരക്ഷിക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണ്," കെ.ഇ.സി.ബി.എം.എ പ്രസിഡന്റ് രാജീവ് ജി ആവശ്യപ്പെട്ടു.ചടങ്ങിൽ അസോസിയേഷൻ ഭാരവാഹികളായ സെക്രട്ടറി സത്യൻ മലയത്ത്, ട്രഷറർ ബിജോയ് സിറിയക്, വൈസ് പ്രസിഡന്റുമാരായ ഹൈനസ് സൈദ്, പ്രവീൺ പീറ്റർ എന്നിവരും സംസാരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com