സംസ്ഥാനത്തെ ഹൃദ്രോഗ ചികിത്സയ്ക്ക് ഊന്നൽ: 3 മെഡിക്കൽ കോളേജുകളിൽ പുതിയ കാത്ത് ലാബുകൾ, 44.30 കോടി രൂപയുടെ ഭരണാനുമതി | Cath Labs

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്
സംസ്ഥാനത്തെ ഹൃദ്രോഗ ചികിത്സയ്ക്ക് ഊന്നൽ: 3 മെഡിക്കൽ കോളേജുകളിൽ പുതിയ കാത്ത് ലാബുകൾ, 44.30 കോടി രൂപയുടെ ഭരണാനുമതി | Cath Labs
Published on

തിരുവനന്തപുരം: ആലപ്പുഴ, എറണാകുളം, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജുകളിൽ പുതിയ കാത്ത് ലാബുകൾ സ്ഥാപിക്കുന്നതിന് 44.30 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. നൂതന ഹൃദ്രോഗ ചികിത്സയ്ക്ക് സംസ്ഥാന സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.(New Cath Labs in 3 Medical Colleges in Kerala, says Veena George )

ആലപ്പുഴ മെഡിക്കൽ കോളേജ്: 14.31 കോടി രൂപ, എറണാകുളം മെഡിക്കൽ കോളേജ്: 14.99 കോടി രൂപ, കോഴിക്കോട് മെഡിക്കൽ കോളേജ്: 15 കോടി രൂപ എന്നിങ്ങനെയാണ് കണക്ക്. സംസ്ഥാനത്തെ പ്രധാന മെഡിക്കൽ കോളേജുകൾക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിലുള്ള 12 ആശുപത്രികളിൽ നിലവിൽ കാത്ത് ലാബ് സജ്ജമാക്കിയിട്ടുണ്ട്. ഇടുക്കിയിൽ കൂടി കാത്ത് ലാബ് സ്ഥാപിക്കുന്നതോടെ എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള സംസ്ഥാനമായി കേരളം മാറും എന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴ ജില്ലയിലെ സർക്കാർ മേഖലയിലെ ഏക കാത്ത് ലാബാണ് ആലപ്പുഴ മെഡിക്കൽ കോളേജിലുള്ളത്. ഇവിടെ കഴിഞ്ഞ രണ്ട് വർഷം കൊണ്ട് 5,000-ൽ അധികം കാർഡിയാക് പ്രൊസീജ്യറുകൾ ചെയ്തു. രോഗികളുടെ ബാഹുല്യം പരിഗണിച്ചാണ് പുതിയ കാത്ത് ലാബ് അനുവദിച്ചത്.

കാത്ത് ലാബിന് പുറമെ 20 കിടക്കകളുള്ള പോസ്റ്റ് കാത്ത് ഐസിയു, ടിഎംടി മെഷീൻ, ടെമ്പററി പേസ് മേക്കർ, 5 വെന്റിലേറ്ററുകൾ, എക്കോ മെഷീൻ, മറ്റ് വിവിധ ഉപകരണങ്ങൾ എന്നിവയ്ക്കായാണ് തുക അനുവദിച്ചത്.

എറണാകുളം മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിനായാണ് പുതുതായി കാത്ത് ലാബ് അനുവദിച്ചത്. പുതിയ കാത്ത് ലാബ്, 20 കിടക്കകളുള്ള പോസ്റ്റ് കാത്ത് ഐസിയു, ടെമ്പററി പേസ് മേക്കർ, 5 വെന്റിലേറ്റർ, എക്കോ മെഷീൻ, അനസ്‌തേഷ്യ വർക്ക് സ്റ്റേഷൻ, പോർട്ടബിൾ എക്കോ മെഷീൻ, മറ്റ് ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനാണ് തുക അനുവദിച്ചത്.

കേരളത്തിൽ ഏറ്റവും കൂടുതൽ കാർഡിയോ ഇന്റർവെൻഷൻ ചെയ്യുന്ന ആശുപത്രികളിലൊന്നാണ് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ്. കൂടുതൽ രോഗികൾക്ക് സഹായകമാകുന്നതിനാണ് ഒരു കാത്ത് ലാബ് കൂടി സ്ഥാപിക്കുന്നത്. അഡ്വാൻസ്ഡ് കാത്ത് ലാബ്, എക്കോ മെഷീൻ, കാർഡിയാക് 3D മാപ്പിംഗ് സിസ്റ്റം, 15 ഐസിയു കിടക്കകൾ, 15 കാർഡിയാക് മോണിറ്റർ, 3 വെന്റിലേറ്റർ, എമർജൻസി ട്രോമ കോട്ട്, മറ്റ് ഉപകരണങ്ങൾ എന്നിവയ്ക്കായാണ് തുക അനുവദിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com