

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന് (ഐ.സി.പി) കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന ചരക്കുകൾക്ക് റോഡ്-റെയിൽ മാർഗത്തിലൂടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് നേരിട്ട് കൊണ്ടുപോകാൻ സാധിക്കും. ചരക്കുമായി കൂടുതൽ കപ്പലുകൾ എത്തുന്നതോടെ സംസ്ഥാനത്തിന് വലിയ സാമ്പത്തിക നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ.(New boost for Vizhinjam Port, Central approval for integrated check post)
നിലവിൽ വലിയ കപ്പലുകളിൽ ചരക്കുകൾ എത്തിക്കുകയും, തുടർന്ന് ചെറിയ ഫീഡർ കപ്പലുകളിലായി മറ്റു സ്ഥലങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നതാണ് രീതി. എന്നാൽ ഐ.സി.പിക്ക് അനുമതി ലഭിച്ചതോടെ ഈ രീതിക്ക് മാറ്റം വരും. ഇത് ചരക്ക് നീക്കത്തിൻ്റെ സമയവും ചെലവും വൻതോതിൽ ലാഭിക്കാൻ സഹായിക്കും.
കൂടാതെ, സംസ്ഥാനത്തിൻ്റെ ലോജിസ്റ്റിക്സ് മേഖലയ്ക്കും നിക്ഷേപ സാധ്യതകൾക്കും ഈ നീക്കം വലിയ ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡിൻ്റെ നിർമാണം തുടരുകയാണെന്നും ഒരു മാസത്തിനകം പൂർത്തിയാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തോടെ വിഴിഞ്ഞം ദക്ഷിണേന്ത്യയിലെ പ്രധാന ചരക്ക് ഹബ്ബായി (Hub) ഉയർന്നുവരുമെന്നാണ് സംസ്ഥാനത്തിൻ്റെ പ്രതീക്ഷ.